ജല അതോറിറ്റിയുടെ പൈപ്പുകള്‍ ശരിയായി മൂടിയില്ല: ചെളിയില്‍ വലഞ്ഞ് വ്യാപാരികള്‍
ജല അതോറിറ്റിയുടെ പൈപ്പുകള്‍ ശരിയായി മൂടിയില്ല: ചെളിയില്‍ വലഞ്ഞ് വ്യാപാരികള്‍

ഇടുക്കി: കട്ടപ്പന ഐടിഐ ജങ്ഷനില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ കൃത്യമായി മൂടാത്തത് വ്യാപാരികളെ വലയ്ക്കുന്നു. കടകളിലേക്ക് ആളുകള്‍ക്ക് കയറാനോ മുന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ഇടുക്കിക്കവല മുതല്‍ നരിയംപാറ വരെയുള്ള ഭാഗത്ത് പൈപ്പുകള്‍ പുറത്തെടുത്തിരുന്നു. പിന്നീട് ടാറിംഗ് പൂര്‍ത്തിയായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും കുഴിയെടുത്ത് പൈപ്പുകള്‍ തിരികെ സ്ഥാപിച്ചെങ്കിലും ശരിയായ രീതിയില്‍ മൂടിയില്ല. മഴ പെയ്തതോടെ ഇവിടങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഐടിഐ ജങ്ഷനിലെ വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞദിവസം ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ചെളിയില്‍ അകപ്പെട്ടിരുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ പൈപ്പ് സ്ഥാപിച്ച് പോകുന്നതല്ലാതെ മണ്ണിട്ട് ശരിയായ രീതിയില്‍ മൂടുന്നില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി
What's Your Reaction?






