കേരളത്തിന്റേത് രാജ്യത്തിന് മാതൃകയായ നേട്ടങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍: വര്‍ണാഭമായി ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം

കേരളത്തിന്റേത് രാജ്യത്തിന് മാതൃകയായ നേട്ടങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍: വര്‍ണാഭമായി ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം

Jan 26, 2026 - 16:21
 0
കേരളത്തിന്റേത് രാജ്യത്തിന് മാതൃകയായ നേട്ടങ്ങള്‍: മന്ത്രി റോഷി അഗസ്റ്റിന്‍: വര്‍ണാഭമായി ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം
This is the title of the web page

ഇടുക്കി: കേരളത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ സമുദ്ര വ്യാപാരരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ പോകുന്ന പദ്ധതിയാണ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും വികസന കാഴ്ച്ചപ്പാടിന്റെയും അടയാളമായി കാണാനാകും. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ പോലും എത്തിച്ചേരാന്‍ കഴിയുന്ന തുറമുഖം ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറിക്കഴിഞ്ഞു. 2025ല്‍ അതിദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം നേടി. കെ-സ്മാര്‍ട്ട് പോലെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി, സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞു. 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം മാറി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഉണ്ടായ മുന്നേറ്റം ലോകശ്രദ്ധ പിടിച്ചുപറ്റി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി. വിദേശത്തുള്ളവര്‍ക്ക് ഇവിടെയെത്തി പഠിക്കാന്‍ കഴിയുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍  ശ്രദ്ധേയമാണ്. അടിസ്ഥാന വികസനത്തിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക മേഖലയിലും ടൂറിസം രംഗത്തും ഇടുക്കി ജില്ലയ്ക്ക് മുന്നേറാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, നെടുങ്കത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് എന്നിവ ശ്രദ്ധേയ നേട്ടങ്ങളാണ്. മുട്ടത്തെ സ്‌പൈസസ് പാര്‍ക്ക് വലിയൊരു കാല്‍വയ്പ്പാണ്. സംസ്‌കരണത്തിനും സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനത്തിനും ഇത് കരുത്താകും. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുകയും ഹൈറേഞ്ച് ഉല്‍പ്പന്നങ്ങളെ ലോക വിപണിയില്‍ ബ്രാന്‍ഡ് ചെയ്യാനുള്ള നടപടി തുടരുകയും ചെയ്യുന്നുണ്ട്. ഇടുക്കി ആലിന്‍ചുവട്ടില്‍ മിനി ഫുഡ് പാര്‍ക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഭൂപതിവ് നിയമ ഭേദഗതിയിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗത്തിനും ഉണ്ടായിരുന്ന തടസങ്ങള്‍ നീക്കി. കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയില്‍ ഏലം പുനര്‍കൃഷി ചെയ്യുന്നതിന് ഒരുഹെക്ടര്‍ സ്ഥലത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചു. നാണ്യവിളകളുടെ വില ഇടിയുമ്പോള്‍ കര്‍ഷകനെ താങ്ങിനിര്‍ത്താന്‍ സബ്സിഡികളും വിലസ്ഥിരതാ ഫണ്ടും കാര്യക്ഷമമായി വിനിയോഗിക്കുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 42 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളം എത്തിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 
5000 കോടി രൂപയുടെ പദ്ധതികളാണ് വിവിധ ഇടങ്ങളില്‍ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 44,000 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിക്കുന്നു.
എന്‍സിസിയും എസ്പിസിയും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായതായും മന്ത്രി പറഞ്ഞു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പൊലീസ് കെ എം സാബു മാത്യു, എഡിഎം ഷൈജു പി ജേക്കബ് എന്നിവര്‍ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു. വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ എസ്എച്ച്ഒയും പരേഡ് കമാന്ററുമായ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തില്‍ ബാന്‍ഡ് സംഘം ഉള്‍പ്പെടെ 18 പ്ലറ്റുണുകള്‍ അണിനിരന്നു. ഇടുക്കി പൊലീസ്, പൈനാവ് എംആര്‍എസ്, കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എന്‍ എച്ച്എസ് വിദ്യാര്‍ഥികള്‍ ബാന്‍ഡ്‌മേളം ഒരുക്കി.
ദേവികുളം എക്‌സൈസ് റേഞ്ച് ഓഫീസര്‍ വിഷ്ണു ടി ജി നയിച്ച എക്‌സൈസ് വിഭാഗം, അതുല്‍ പി എസ്. നയിച്ച എന്‍സിസി സീനിയര്‍ വിഭാഗം, ഗിരിധര്‍ ബി നയിച്ച എന്‍സിസി ജൂനിയര്‍ വിഭാഗം, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്‌സ് വിഭാഗത്തില്‍ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എന്‍ എച്ച്എസ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്, മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്, ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഐഡന്‍ തോമസ് നയിച്ച സ്‌കൗട്ട്‌സ്, ജവഹര്‍ നവോദയ വിദ്യാലയ സ്‌കൂള്‍ വിദ്യാര്‍ത്ഥി കീര്‍ത്തന സജീഷ് നയിച്ച ഗൈഡ്‌സ്, എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow