മട്ടുപ്പാവില്‍ ചെണ്ടുമല്ലി വസന്തമൊരുക്കി ദമ്പതികള്‍
മട്ടുപ്പാവില്‍ ചെണ്ടുമല്ലി വസന്തമൊരുക്കി ദമ്പതികള്‍

ഇടുക്കി: പാറത്തോട്ടില്‍ മട്ടുപ്പാവില്‍ പൂക്കാലമൊരുക്കിയിരിക്കുകയാണ് ദമ്പതികള്‍. പാറത്തോട് കിഴക്കേഭാഗത്ത് ജോണി - മേഴ്‌സി ദമ്പതികളാണ് മട്ടുപ്പാവില്‍ പൂക്കളുടെ വിസ്മയമൊരുക്കിയിരിക്കുന്നത്. മണ്ണില്‍ മാത്രമല്ല മട്ടുപ്പാവിലും
എല്ലാ കൃഷികളും നടത്താമെന്ന് തെളിയിക്കുകയാണ് ഇവര്‍. ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന ഇവര്‍ മട്ടുപ്പാവിലാണ് ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പൂക്കള്‍ ഉപയോഗിച്ച് പൂക്കാലം ഒരുക്കിയിരിക്കുന്നത്. മുന്തിരിയും എല്ലാവിധ പച്ചക്കറികളും മട്ടുപ്പാവില്‍ വര്‍ഷങ്ങളായി കൃഷിചെയ്യുകയും പരിമിതികളെ സാധ്യതകളാക്കി മാറ്റുകയും ചെയ്യുന്ന മാതൃക ദമ്പതിമാരാണ് ജോണിയും മേഴ്‌സിയും. നാലുമാസം മുമ്പ് മട്ടുപ്പാവില്‍ ഇവര്‍ നട്ട ചെണ്ടുമല്ലി പൂവിട്ടുനില്‍ക്കുകയാണ.് ഓണത്തെ ലക്ഷ്യമാക്കിയാണ് ചെണ്ടുമല്ലി തൈകള്‍ നട്ടതെങ്കിലും ഓണം കഴിഞ്ഞപ്പോഴാണ് പൂക്കളെല്ലാം വിടര്‍ന്നത്. തികച്ചും ശാസ്ത്രീയമായ പരിപാലനമുറകളിലൂടെയാണ് ഇവര്‍ ടെറസിലെ കൃഷി വിജയിപ്പിക്കുന്നത്. രാജകുമാരി ഫെഡറേറ്റഡ് നഴ്‌സറിയില്‍ നിന്ന് വാങ്ങിയ തൈകള്‍ പ്രത്യേക പോട്ടുകളില്‍ നട്ട് യഥാസമയം വളപ്രയോഗം നടത്തി. പച്ചക്കറികളും പഴവര്‍ഗങ്ങളും ടെറസില്‍ ചട്ടികളില്‍ നട്ടുപരിപാലിക്കമെന്നും മികച്ച വിളവ് നേടാമെന്നും തെളിയിക്കുകയാണ് ഇവര്‍. പാറത്തോട് ടൗണിലൂടെ കടന്നു പോകുന്നവര്‍ക്ക് വിസ്മയം ഒരുക്കുകയാണ് ഇവരുടെ മട്ടുപ്പാവിലെ പൂക്കളും പച്ചക്കറികളും.
What's Your Reaction?






