മാങ്കുളം ജനകീയ സമിതിയുടെ സമരം ഫലം കണ്ടു: മാങ്കുളം ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
മാങ്കുളം ജനകീയ സമിതിയുടെ സമരം ഫലം കണ്ടു: മാങ്കുളം ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

ഇടുക്കി: മാങ്കുളം ജനകീയ സമിതി അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് രണ്ടാംദിനം മാങ്കുളം ഡിഎഫ്ഒയുടെ കസേര തെറിച്ചു. കെ ബി സുഭാഷിനെ അസിസ്റ്റന്റ് ഫോറസ്റ്റ്‌സ് കണ്‍സര്‍വേറ്ററായി കോട്ടയം സോഷ്യല്‍ ഫോറസ്ട്രിയിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇതേ ഓഫീസിലെ ഷാന്‍ട്രി ടോമിനെ പുതിയ മാങ്കുളം ഡിഎഫ്ഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
ഡിഎഫ്ഒയെ മാറ്റണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് ജനകീയ സമിതി അനിശ്ചിതകാല സമരം ആരംഭിച്ചത്. രണ്ടാംദിനം പഞ്ചായത്ത് അംഗം ഗീത അനന്ദിന്റെ നേതൃത്വത്തില്‍ ഒന്നാം വാര്‍ഡിലെ താമസക്കാര്‍ സത്യഗ്രഹം അനുഷ്ഠിച്ചു.
തട്ടേക്കാട്- ആലുവ- മൂന്നാര്‍ രാജപാതയും മാമലക്കണ്ടം-മാങ്കുളം വഴി നിശ്ചയിച്ചിരുന്ന മലയോര ഹൈവേയും തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് തുടര്‍പ്രക്ഷോഭം. മുന്‍വര്‍ഷങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ വനപാലകര്‍ വനസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിയിരുന്നു. എന്നാല്‍ മാങ്കുളത്ത് പുതിയ ഡിഎഫ്ഒ ചാര്‍ജെടുത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശപ്പെടുത്തി വനഭൂമിയാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ജനകീയ സമിതി ആരോപിക്കുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പെരുമ്പന്‍കുത്തില്‍ വിനോദസഞ്ചാരികള്‍ക്കായി നിര്‍മിച്ച പവലിയന്‍ കൈവശപ്പെടുത്താന്‍ വനപാലകര്‍ നീക്കം നടത്തിയതും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുമെല്ലാം ഇത്തരം ഗൂഢനീക്കങ്ങളുടെ ഭാഗമാണ്. സംഘര്‍ഷത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 34 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വനം മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ഇതോടെയാണ് വീണ്ടും സമരം നടത്താന്‍ നിര്‍ബന്ധിതരായത്.
What's Your Reaction?






