കട്ടപ്പന സുവര്‍ണഗിരിയിലെ അരുംകൊല പ്രതി ബാബു സ്ഥിരം അക്രമകാരി
കട്ടപ്പന സുവര്‍ണഗിരിയിലെ അരുംകൊല പ്രതി ബാബു സ്ഥിരം അക്രമകാരി

ഇടുക്കി: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കട്ടപ്പന സുവര്‍ണഗിരി ഭജനമഠത്തെ താമസക്കാര്‍. പ്രതിയായ സുവര്‍ണഗിരി വെണ്‍മന്ത്ര ബാബു(58) സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന, ക്രിമിനല്‍ സ്വഭാവമുള്ളയാളാണ്. പ്രദേശവാസികള്‍ ഉള്‍പ്പെടെ നിരവധിപേരെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളിലും പ്രതിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും ബാബുവിനെതിരെ കേസ് നിലവിലുണ്ട്. മാരകായുധങ്ങളുമായി ആക്രമിക്കുന്നതാണ് രീതി. ഇതുസംബന്ധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പകല്‍സമയങ്ങളില്‍ ഇയാളുടെ വീടിനുസമീപത്തുകൂടി കടന്നുപോകാന്‍ ഭയമാണെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് കാക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസി(35)നെ ബാബു കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യ ലിബിയയെ കാണാന്‍ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിന്‍. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനായി റോഡിലേക്ക് വന്ന സുബിനുമായി ബാബു വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് സുബിനെ മാരകമായി ശരീരമാസകലം വെട്ടുകയായിരുന്നു. നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുബിനെ വെട്ടിയശേഷം വീടിനുള്ളില്‍ ഒളിച്ച ബാബുവിനെ സാഹസികമായാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ഇതിനിടെ കട്ടപ്പന എസ്‌ഐ ഉദയകുമാറിന്റെ കൈയ്ക്ക് പരിക്കേറ്റു. സുബിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍. ലിബിയയാണ് സുബിന്റെ ഭാര്യ. ഏകമകള്‍: എസ്സ.
What's Your Reaction?






