കരുന്തരുവി പാലം-ചൊരക്കാമൊട്ട മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കരുന്തരുവി പാലം-ചൊരക്കാമൊട്ട മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

ഇടുക്കി: ഉപ്പുതറ കരിന്തരുവി പാലം - ചൊരക്കാമൊട്ട 27 പുതുവല്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. ഉണ്ടായിരുന്ന ജലശ്രോതസ് വറ്റിയതോടെ കുടിവെള്ളം ഒരു മാസമായി വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് പ്രദേശത്തെ നൂറ്റമ്പതോളം കൂടുംബങ്ങള്‍. ഇവിടുത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 2021 -22ല്‍ നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. ചീന്തലാര്‍ പുഴക്കരയില്‍ കരിന്തരുവി എസ്റ്റേറ്റു നല്‍കിയ സ്ഥലത്ത് കുളവും, 27 പുതുവല്‍ മലമുകളില്‍ ടാങ്കും നിര്‍മിച്ചു. തുടര്‍ന്നുള്ള പദ്ധതി നടത്തിപ്പ് ഉപ്പുതറ പഞ്ചായത്തിന് കൈമാറി. മോട്ടോര്‍ , വിതരണ പൈപ്പ്, വൈദ്യൂതി ബന്ധം എന്നിവയ്ക്ക് 2022- 23ല്‍ പഞ്ചായത്ത് 5.5 ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ തുടര്‍ നടപടി ഉണ്ടാകാത്തതിനാല്‍ അനുവദിച്ചതുക സ്പില്‍ ഓവറിലായി. ഈ വര്‍ഷം ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ബില്ലു മാറില്ലന്ന കാരണം പറഞ്ഞ് പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറായില്ല. രണ്ടാമതു വിളിച്ച ടെന്‍ഡര്‍ പ്രകാരം ഒരു മാസം മുന്‍പ് ഒരാള്‍ കരാര്‍ ഏറ്റെടുത്തെങ്കിലും പ്രതിസന്ധി തുടരുകയാണ്. 500 ലിറ്റര്‍ വെള്ളം വാഹനത്തില്‍ സ്ഥലത്ത് എത്തണമെങ്കില്‍ 1000 രൂപ നല്‍കണം. ഇതിനു കഴിയാത്തവര്‍ കിലോമീറ്ററുകള്‍ മലയിറങ്ങി താഴ്ന്ന സ്ഥലങ്ങളില്‍ നിന്നു വെള്ളം തലച്ചുമടായി എത്തിക്കുകയാണ്. അടിയന്തരമായി അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






