തെരുവ് കച്ചവടം നടത്തുന്നവര്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കും: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പുതിയ തീരുമാനങ്ങൾ
തെരുവ് കച്ചവടം നടത്തുന്നവര്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കും: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പുതിയ തീരുമാനങ്ങൾ

ഇടുക്കി: കട്ടപ്പന നഗരസഭാ പരിധിയില്‍ തെരുവ് കച്ചവടം നടത്തുന്നവര്‍ക്ക് പ്രത്യേക ഇടവും ലൈസന്‍സും നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.കട്ടപ്പന പുളിയന്‍മല റോഡില്‍ ഓറഞ്ച് ഹോട്ടലിന് സമീപം മൂന്നു പേര്‍ക്കും പള്ളിക്കവല - അമ്പലക്കവല റോഡില്‍ സാരിമഠം ജങ്ഷനില്‍ നാലുപേര്‍ക്കും , വെള്ളയാംകുടി റോഡില്‍ മാസ് ഹോട്ടലിന് എതിര്‍വശത്ത് മൂന്നുപേര്‍ക്കും, കുട്ടിക്കാനം റോഡില്‍ സിവില്‍ സ്റ്റേഷന് എതിര്‍വശത്തും, ചെരുപ്പ് കുത്തുന്നവര്‍ക്ക് പൊലീസ് സ്റ്റേഷന് എതിര്‍വശത്തും സൗകര്യമൊരുക്കും. തെരുവു കച്ചവടക്കാര്‍ക്ക് വെന്റിങ്ങ് സര്‍ട്ടിഫിക്കറ്റ് അനുവദിയ്ക്കും. പാതയോരങ്ങള്‍ കൈയ്യേറിയുള്ള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിയ്ക്കും.
പുളിയന്‍മല - നെടുങ്കണ്ടം പാതയില്‍ മീന്‍ വ്യാപാരത്തിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസില്‍ നല്‍കിയ പരാതി നഗരസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ സ്വകാര്യ വ്യാപാരങ്ങള്‍ക്ക് പാതയോരങ്ങളില്‍ സ്ഥലം നല്‍കുന്നത് നഗരസഭയുടെ ചുമതലയല്ലെന്ന് കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു. മലയോരഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുപതേക്കര്‍ പാലത്തിന് സമീപം കുടിയിറക്ക് ഭീഷണി നേരിടുന്ന സ്ത്രീയെ വെള്ളയാംകുടിയിലെ നഗരസഭ വക സ്ഥലത്ത് പുനരധിവസിപ്പിക്കും. ഇവര്‍ക്ക് സ്വകാര്യ വ്യക്തി വീട് നിര്‍മിച്ച് നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇരുപതേക്കര്‍ മുതല്‍ ഇടുക്കിക്കവല വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. ഡി.വൈ.എസ്.പി. ഓഫീസിന് സമീപത്തെ റോഡില്‍ ഇരുമ്പുവേലി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തുക കരാറുകാരന് അനുവദിക്കും. ശുചിത്വ മിഷനുമായി ചേര്‍ന്ന് നഗരസഭയിലെ വാര്‍ഡുകളെ സ്വച്ഛ് വാര്‍ഡുകളാക്കി പ്രഖ്യാപിക്കും. അടുക്കളത്തോട്ടം പദ്ധതിയില്‍പെടുത്തി മണ്‍ചട്ടി വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകള്‍ പ്രകാരം നഗരത്തിലെ സി.ആര്‍.ഹൈടെക് നഴ്സറിക്ക് ചുമതല നല്‍കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.
What's Your Reaction?






