പട്ടം കോളനി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പരിചരണത്തില്‍ വീഴ്ച വന്നതായി പരാതി
പട്ടം കോളനി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പരിചരണത്തില്‍ വീഴ്ച വന്നതായി പരാതി
ഇടുക്കി: കല്ലാര്‍ പട്ടം കോളനി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പരിചരണത്തിലുണ്ടായ വീഴ്ചയില്‍ വിദ്യാര്‍ഥിക്ക് സര്‍ജറി ചെയ്യേണ്ടി വന്നതായി പരാതി. കല്ലാര്‍ ഗവ. സ്‌കൂള്‍ വിദ്യാര്‍ഥിയായ സന്യാസിയോട സ്വദേശി പുത്തന്‍പീടികയില്‍ അബ്ദുള്‍ മുജീവിനാണ് ചികിത്സാ പിഴവില്‍ സര്‍ജറി വേണ്ടി വന്നത്. ജൂണ്‍ അഞ്ചിനാണ് 9 ആം ക്ലാസ് വിദ്യാര്‍ഥിയായ അബ്ദുള്‍ മുജീവിന് സ്‌കൂളില്‍ വച്ച് കഠിനമായ പനി ബാധിക്കുന്നത്. ഉടന്‍ തന്നെ സ്‌കൂളിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ നേരാംവണ്ണം പരിചരിക്കാത്തതിനെ തുടര്‍ന്ന് ഇഞ്ചക്ഷന്‍ എടുത്ത ഭാഗം പഴുക്കുകയും തുടര്‍ന്ന് ഇതേ ഹോസ്പിറ്റലില്‍ തന്നെ 10 ആം തീയതി ചികിത്സയ്ക്കായി എത്തുകയും ചെയ്തു. ഇഞ്ചക്ഷന്‍ എടുത്ത നേഴ്‌സിനോട് ഇതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഒരുപാട് രോഗികള്‍ വരുന്ന ഹോസ്പ്പിറ്റലാണ് ഇതെന്നും ഇതില്‍ കൂടുതലായി ഒന്നും ഞങ്ങളെക്കൊണ്ട് പരിചരിക്കാന്‍ കഴിയില്ല എന്നുമാണ് മറുപടി ലഭിച്ചതെന്നും കുട്ടിയുടെ പിതാവ് അബ്ദുള്‍ നജീം പറഞ്ഞു.
തുടര്‍ന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 12ന് സര്‍ജറി ചെയ്ത് പഴുപ്പ് നീക്കം ചെയ്യുകയായിരുന്നു. 3000 ത്തോളം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് പട്ടംകോളനി പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജീവനക്കാരുടെ ഇത്തരത്തിലുള്ള കൃത്യവിലോപം കൂടുതല്‍ കൂട്ടികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ ഇടയാക്കും. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഡിഎംഒ യ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി.
What's Your Reaction?

