കട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി
കട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി

ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റ് ഭരണസമിതി പാസാക്കി. നഗരത്തിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ ബജറ്റിലെ നിര്‍ദേശങ്ങളെല്ലാം ജനത്തെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും മുന്‍വര്‍ഷങ്ങളിലെ ബജറ്റുകളുടെ ആവര്‍ത്തനമാണെന്ന് ബിജെപി കൗണ്‍സിലര്‍മാരും കുറ്റപ്പെടുത്തി.
ടൗണ്‍ ഹാള്‍ അറ്റകുറ്റപ്പണി നടത്തി തുക പാഴാക്കാതെ പൊളിച്ച് കൂടുതല്‍ സൗകര്യത്തോടെ പുനര്‍നിര്‍മിക്കണമെന്ന് നിര്‍ദേശമുണ്ടായി. മലയോര ഹൈവേയുടെ ഐറിഷ് ഓട നിര്‍മിക്കുന്നതോടെ ടൗണ്‍ ഹാളില്‍ വാഹന പാര്‍ക്കിങ് ദുഷ്‌കരമാകും. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. വാഴവര അര്‍ബന്‍ പിഎച്ച്‌സിയുടെ കെട്ടിടം പൂര്‍ത്തീകരിക്കാന്‍ തുക അനുവദിക്കണമെന്ന് ജെസി ബെന്നിയും പുളിയന്‍മലയിലെ സംസ്‌കരണ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുധര്‍മ മോഹനും ആവശ്യപ്പെട്ടു.
നഗരത്തിലെ തണലിടം പദ്ധതിയെ യുഡിഎഫ് അംഗങ്ങള്‍ സ്വാഗതം ചെയ്തു. പ്രളയകാലത്ത് ഇടിഞ്ഞുതാഴ്ന്ന അസീസിപ്പടി- പീടികപ്പുരയിടം റോഡിന് തുക അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സിലര്‍ ധന്യ അനില്‍ കുറ്റപ്പെടുത്തി.
നഗരത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് തുക അനുവദിക്കാത്തത് യുവജനങ്ങളോടും കായികതാരങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കൗണ്‍സിലര്‍ ഷാജി കൂത്തോടി പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും തുകയില്ല. നഗരസഭാപരിധിയില്‍ കോടികളുടെ വികസനം നടപ്പാക്കിയ മന്ത്രി റോഷി അഗസ്റ്റിന്റെ പേര് ബജറ്റില്‍ പരാമര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
What's Your Reaction?






