പീരുമേട്- കട്ടപ്പന 110 കെവി ലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് പദ്ധതി കലക്ടറുടെ ഉത്തരവിനെതിരെ 25ന് കട്ടപ്പന കെഎസ്ഇബി ഓഫീസ് മാര്‍ച്ച്
പീരുമേട്- കട്ടപ്പന 110 കെവി ലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് പദ്ധതി കലക്ടറുടെ ഉത്തരവിനെതിരെ 25ന് കട്ടപ്പന കെഎസ്ഇബി ഓഫീസ് മാര്‍ച്ച്

ഇടുക്കി: പീരുമേട്- കട്ടപ്പന 110 കെവി ലൈന്‍ ഡബിള്‍ സര്‍ക്യൂട്ട് പദ്ധതിക്ക് ആദ്യഘട്ട സര്‍വേപ്രകാരം അനുമതി നല്‍കിയ കലക്ടറുടെ ഉത്തരവിനെതിരെ കാഞ്ചിയാറിലെ താമസക്കാര്‍ പ്രക്ഷോഭത്തിന്. കട്ടപ്പന കെഎസ്ഇബി ഓഫീസിലേക്ക് 25ന് മാര്‍ച്ച് നടത്തും. ജനവാസ മേഖലയിലൂടെ വൈദ്യുതി ലൈന്‍ വലിക്കില്ലെന്ന ജനപ്രതിനിധികളുടെ ഉറപ്പ് നിലനില്‍ക്കെയാണ് കലക്ടറുടെ പുതിയ ഉത്തരവ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് 40.7 കോടി മുതല്‍മുടക്കില്‍ പീരുമേട് സബ് സ്റ്റേഷനില്‍ നിന്ന് കട്ടപ്പനയിലേക്ക് 36 കിലോമീറ്റര്‍ 110 കെവി ലൈന്‍ വലിക്കുന്നത്. പഞ്ചായത്തിലെ ആറ് വാര്‍ഡുകളിലെ ജനവാസ കേന്ദ്രങ്ങളിലൂടെ 7 കിലോമീറ്റര്‍ ദൂരത്തില്‍ വൈദ്യുതി ലൈന്‍ വലിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സര്‍വേപ്രകാരം ഉപ്പുതറ മുതല്‍ കാഞ്ചിയാര്‍ വരെയുള്ള 15 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ജനവാസ മേഖലയില്‍ 22 മീറ്റര്‍ വീതിയിലാണ് ലൈന്‍ കടന്നുപോകുന്നത്. ഇതിനെതിരെ നേരത്തെ പ്രതിഷേധമുയര്‍ന്നപ്പോള്‍ 2022 ജൂലൈയില്‍ എഡിഎം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജനവാസ മേഖലകളും വനംവകുപ്പിന്റെ അധീനതയിലുള്ള തേക്ക് പ്ലാന്റേഷനും എഡിഎം സന്ദര്‍ശിച്ചു. ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനിലൂടെ വൈദ്യുതി ലൈന്‍ വലിക്കണമെന്ന് നാട്ടുകാര്‍ അറിയിച്ചു. മണ്ണിനടിയിലൂടെ കേബിള്‍ വലിക്കുന്നതിന്റെ സാധ്യത പരിശോധിച്ചെങ്കിലും ചെലവ് കൂടുതലായതിനാല്‍ ഉപേക്ഷിച്ചു. ജനങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലയിലൂടെ ലൈന്‍ കടന്നുപോകുന്നില്ലെന്ന് വൈദ്യുതി പ്രസരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ സര്‍വേപ്രകാരം കണ്ടെത്തിയ മേഖലയില്‍ പദ്ധതിക്ക് കലക്ടര്‍ അനുമതി നല്‍കുകയായിരുന്നു. ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കി തേക്ക് പ്ലാന്റേഷനില്‍ ടവറുകള്‍ സ്ഥാപിച്ച് ലൈന്‍ വലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇത് തള്ളിയാല്‍ ശക്തമായ സമരം ആരംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ലബക്കടയില്‍ പൊതുജനങ്ങളും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്ന് സമരസമിതി രൂപീകരിച്ചു.
പെരിയാര്‍ തീരത്തുകൂടി ഇടുക്കി, തട്ടാത്തിക്കുടി, കല്യാണത്തണ്ട്, നിര്‍മാലാസിറ്റി വഴിയോ അയ്യപ്പന്‍കോവില്‍ തേക്ക് പ്ലാന്റേഷന്‍, അഞ്ചുരുളി, നിര്‍മലാസിറ്റി വഴിയോ കട്ടപ്പന സബ് സ്റ്റേഷനിലേക്ക് ലൈന്‍ വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






