മേരികുളത്തെ മോഷണം: വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന തുടങ്ങി
മേരികുളത്തെ മോഷണം: വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളത്ത് മോഷണം നടന്ന സ്ഥാപനങ്ങളില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2 സ്റ്റേഷനറി കടകള്‍, 2 ബേക്കറികള്‍, സഹകരണ ബാങ്ക് ശാഖ, ഇരുമ്പ് വ്യാപാര സ്ഥാപനം, സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പാചകപ്പുര, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായതായി കണക്കാക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം. സ്റ്റേഷനറി കടകളില്‍ നിന്നായി 75,000 രൂപയും ഒരു ബേക്കറിയില്‍ നിന്ന് 5,000 രൂപയും നഷ്ടമായി. മറ്റുള്ള സ്ഥാപനങ്ങളില്‍ പരിശോധന പുരോഗമിക്കുന്നു. രാവിലെ ബേക്കറി ഉടമ കടയിലെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിളിച്ചുകൂടി പരിശോധന നടത്തിയപ്പോള്‍ സമീപത്തെ മറ്റ് സ്ഥാപനങ്ങളിലും മോഷണം നടന്നതായി വ്യക്തമായി.
മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പല കടകളിലും സിസി ടിവി പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌ക്കുകളും മോഷ്ടാവ് അപഹരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് വരെ മേരികുളത്ത് പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. പൊലീസ് പോയശേഷമാണ് മോഷണം. മോഷണം നടന്ന കടകളുടെ എതിര്‍വശങ്ങളിലുള്ള സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്.
ഒരാള്‍ തന്നെയാണ് എല്ലാകടകളിലും മോഷണം നടത്തിയതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?






