ആശ ആന്റണിയുടെ കവിതാസമാഹാരം 'രാഗം' ഉടന്‍ പുറത്തിറങ്ങും
ആശ ആന്റണിയുടെ കവിതാസമാഹാരം 'രാഗം' ഉടന്‍ പുറത്തിറങ്ങും

ഇടുക്കി: ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആശ ആന്റണിയുടെ കവിതാസമാഹാരമായ 'രാഗം' ഉടന്‍ പുറത്തിറങ്ങും. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലും കവിതാരചനയ്ക്കായി സമയം കണ്ടെത്തിയിരുന്നു. സ്‌കൂള്‍, കോളേജ് കാലഘട്ടത്തില്‍ മാഗസിനുകളിലും പ്രസിദ്ധീകരണങ്ങളിലും ആശയുടെ നിരവധി കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ രചനാലോകത്തുനിന്ന് താല്‍ക്കാലികമായി അവധിയെടുക്കേണ്ടിവന്നു.
ഇടവേളകളില്‍ സമയം കണ്ടെത്തി ആശയങ്ങളും വരികളും പേപ്പറുകളില്‍ കുറിച്ചിട്ടുപോന്നിരുന്നു. ഇങ്ങനെ എഴുതിയ രചനകളാണ് ഇപ്പോള്‍ കവിതാസമാഹാരമായി തയ്യാറാക്കിയത്. കലാലയ ജീവിതവും പ്രണയവും പ്രകൃതിയും സമകാലീന വിഷയങ്ങളുമെല്ലാം കോര്‍ത്തിണക്കിയുള്ള 40ലേറെ കവിതകളാണ് സമാഹാരത്തില്‍ ഉള്ളത്. ഉടന്‍തന്നെ പ്രകാശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ആശ. കുടുംബവും സുഹൃത്തുക്കളും എഴുത്തുകാരും നല്‍കുന്ന പ്രചോദനമാണ് രചനകളുടെ ലോകത്തേയ്ക്ക് വീണ്ടും വീണ്ടും കടന്നുവരാന്‍ പ്രചോദനമായതെന്ന് ആശ ആന്റണി പറയുന്നു.
What's Your Reaction?






