കട്ടപ്പനയില്‍ ബൈക്ക് യാത്രികരെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി
കട്ടപ്പനയില്‍ ബൈക്ക് യാത്രികരെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി

ഇടുക്കി: വെള്ളയാംകുടി- ഇടുക്കിക്കവലയില്‍ ഇരുചക്ര വാഹനയാത്രികരെ പിന്നില്‍ നിന്നും വന്ന വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. ഞായറാഴ്ച വൈകിട്ട് 4ഓടെയാണ് ഇരട്ടയാര്‍ സ്വദേശി ഷിജോ സെബാസ്റ്റിയനും മകളും സഞ്ചരിച്ച ബൈക്കില്‍ ഇയോണ്‍ കാര്‍ ഇടിച്ച് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ വേഗത്തില്‍ കടന്നുകളഞ്ഞു. പരിക്കേറ്റവരെ ആദ്യം ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സെന്റ് ജോണ്‍സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അധികൃതര്‍ ഇതുവരെ ഇന്റിമേഷന്‍ എടുക്കുന്നതിനുപോലും തയാറായിട്ടില്ലെന്നും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് ഷിജോ സെബാസ്റ്റ്യന്റെ പരാതി. അപകടശേഷം കാര്‍ അമിതവേഗത്തില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നു. അതോടൊപ്പം കട്ടപ്പന വെള്ളയാംകുടി റോഡില്‍ വിവിധ സ്ഥാപനങ്ങളില്‍ റോഡിലേക്ക് നിരവധിയായ സിസിടിവി ക്യാമറകള്‍ ഉണ്ട്. എന്നാല്‍ പൊലീസ് ഇവയൊന്നും പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്. അപകടത്തില്‍ ഷിജോയ്ക്ക് കാലിനും കൈയ്ക്കും പരിക്കുപറ്റിയതിന് പുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുമുണ്ട്. 16 കാരിയായ മകള്‍ക്ക് കൈകാലുകള്‍ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴും നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല. ഇത്രയും ദിവസത്തിനിടയില്‍ മുപ്പതിനായിരത്തിലധികം രൂപ ചികിത്സാചിലവുമായി. അധികാരികള്‍ അനാസ്ഥ ഒഴിഞ്ഞ് അപകടം ഉണ്ടാക്കിയ ചുവന്ന ഇയോണ്‍ കാര്‍ കണ്ടെത്തുകയും മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
What's Your Reaction?






