ഓണാവധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജില്ലയിലെ ടൂറിസം മേഖല
ഓണാവധിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ജില്ലയിലെ ടൂറിസം മേഖല
ഇടുക്കി: ഓണം പ്രതീക്ഷയില്‍ ജില്ലയുടെ ടൂറിസം മേഖല. മണ്‍സൂണ്‍ മഴ കുറഞ്ഞതും പിന്നീട് ഉണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മണ്‍സൂണ്‍ ടൂറിസത്തെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.
കുറിഞ്ഞി പൂക്കാലം കൂടി എത്തിയതോടെ ഓണം സീസണില്‍ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമണ്‍, തേക്കടി, രാമക്കല്‍മേട് എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ ഏകദേശം 70 ശതമാനം ബുക്കിങ്ങുകള്‍ പൂര്‍ത്തിയായതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. ഓണാവധി ആഘോഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്തെ സഞ്ചാരികളുടെ വരവ് വ്യാപാര മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ കാലയളവുകളിലെ തിരക്കിനേക്കാള്‍ ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.സഞ്ചാരികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വിവിധ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ഇടുക്കിയുടെ വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?