പെട്ടിമുടി ദുരന്തത്തിന് നാല് വയസ്
പെട്ടിമുടി ദുരന്തത്തിന് നാല് വയസ്

ഇടുക്കി: നാടിനെ നടുക്കിയ മൂന്നാര്‍ പെട്ടിമുടി ദുരന്തത്തിന് നാല് വയസ്. 2020 ആഗസ്റ്റ് 6 ന് അര്‍ധരാത്രിയാണ് ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കി പെട്ടിമുടി ദുരന്തമുണ്ടാകുന്നത്. കുഞ്ഞുങ്ങളും ഗര്‍ഭിണിയുമടക്കം 70 പേരുടെ ജീവനാണ് അന്ന് നഷ്ടപ്പെട്ടത്. ഇതില്‍ നാല് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതുവരെ കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു പെട്ടിമുടിയിലേത്. മൂന്നാര്‍ ടൗണില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ രാജമലക്ക് സമീപമുള്ള കെ.ഡി.എച്ച്.പി. കമ്പനിയുടെ എസ്റ്റേറ്റായിരുന്നു പെട്ടിമുടി. ഉരുള്‍പൊട്ടലില്‍ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന നാല് ലയങ്ങള്‍ ഒലിച്ചുപോയി. 22 കുടുംബങ്ങളിലായി 82 പേരാണ് അവിടെയുണ്ടായിരുന്നത്. അതില്‍ 12 പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. വൈദ്യുതിയും മൊബൈല്‍ സിഗ്നലും ഇല്ലാതിരുന്നതിനാല്‍ വളരെ വൈകിയാണ് ദുരന്തം പുറംലോകമറിഞ്ഞത്. 19 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പല മൃതദേഹങ്ങളും കിലോമീറ്ററുകള്‍ അകലെ പുഴയില്‍നിന്നാണ് കണ്ടെത്തിയത്. ദുരന്തം നടന്ന സ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ അകലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ആറുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 66 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടത്താന്‍ കഴിയാതിരുന്ന നാലുപേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായിട്ടുള്ളത്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സമാനതകളുണ്ട്. രണ്ടും തോട്ടം മേഖലയാണ്. ഒരു പ്രദേശത്തെയാകെ താറുമാറാക്കിയാണ് രണ്ടിടത്തും ഉരുള്‍പൊട്ടിയത്.
What's Your Reaction?






