വന്യമൃഗങ്ങളെ തുരത്താന്‍ പരമ്പരാഗത ഉപകരണമായ മുളത്തോക്ക്: പരിശീലനം നേടി മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
വന്യമൃഗങ്ങളെ തുരത്താന്‍ പരമ്പരാഗത ഉപകരണമായ മുളത്തോക്ക്: പരിശീലനം നേടി മുരിക്കാട്ടുകുടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ഇടുക്കി: ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യജീവികളെ തുരത്താന്‍ മുളത്തോക്കുമായി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കാഞ്ചിയാര്‍ മറ്റപ്പള്ളി തകിടിയേല്‍ കുഞ്ഞുമോന്‍ മുളത്തോക്കില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. വന്യമൃഗങ്ങളെ തുരത്താന്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന മുളത്തോക്കുകള്‍ ഏറെ സുരക്ഷിതമാണ്. കൃഷിയിടങ്ങളില്‍ മറ്റും നാശംവിതയ്ക്കുന്ന മൃഗങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കാതെ വിരട്ടിയോടിക്കാന്‍ ഇത് ഉപകരിക്കും. നാല് മുട്ടോടുകൂടിയ മുളയും കുറച്ചുതുണിയും മണ്ണെണ്ണയും ഉണ്ടെങ്കില്‍ ഉഗ്രശബ്ദത്തോടെയുള്ള തീ തുപ്പുന്ന മുളത്തോക്ക് തയാറാക്കാം. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ അപകടരഹിതമായി ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ഷകര്‍ ഈ ഉപകരണം വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് കേട്ടുകേള്‍വി മാത്രമായി. മറ്റപ്പള്ളി സ്വദേശി കുഞ്ഞുമോന്‍ ഇപ്പോഴും ഇത് നിര്‍മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
തോക്ക് നിര്‍മിക്കുന്ന രീതിയും ഉപയോഗിക്കുന്ന രീതിയും കുഞ്ഞുമോന്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. മൂപ്പെത്തിയ മുളങ്കമ്പാണ് പ്രധാനമായി വേണ്ടത്. നാലു മുട്ടുകളുള്ള മുളന്തണ്ടില്‍ 3 മുട്ടുകള്‍ക്ക് ദ്വാരമിടും. മുളയുടെ ഒരുവശത്ത് അടഞ്ഞിരിക്കുന്ന മുട്ടിന്റെ ഭാഗത്തായി ചെറിയ ദ്വാരമിട്ടശേഷം ഇതിലൂടെ തുണ്ടി ഇറക്കിവച്ച് മണ്ണെണ്ണ ഒഴിക്കും. ഇതിലേക്ക് പകരുന്ന തീ വേഗം കെടുത്തുന്നതോടെ മുളങ്കമ്പിലാകെ പുക നിറയും. ഈ പുക ഊതി മുളങ്കമ്പിന്റെ ഒരുഭാഗത്തേയ്ക്ക് മാറ്റും. ഈസമയം കത്തിച്ചുവച്ചിരിക്കുന്ന വിളക്കില്‍ നിന്ന് ചെറിയൊരു കമ്പില്‍ തീപകര്‍ന്ന് തുണി വച്ചിരിക്കുന്ന ദ്വാരത്തിലേക്ക് വയ്ക്കുമ്പോള്‍ ഉള്ളിലെ പുകയുടെ മര്‍ദത്താല്‍ പുറത്തേയ്ക്ക് തീതുപ്പുന്നതാണ് തോക്കിന്റെ പ്രവര്‍ത്തനം. പിതാവിന്റെ പക്കല്‍നിന്നാണ് കുഞ്ഞുമോന്‍ തോക്കിന്റെ നിര്‍മാണവും പരിശീലനവും പഠിച്ചെടുത്തത്.
പലതവണ പരിശീലിച്ച് വിദ്യാര്‍ഥികളും അനായാസമായി തോക്ക് പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവേല്‍, അധ്യാപിക ലിന്‍സി ജോര്‍ജ്, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, വിദ്യാര്‍ഥികളായ വി ആര്‍ പാര്‍വതി, ചിത്തിര ബാലകൃഷ്ണന്‍, സൗമ്യ സന്തോഷ്, വിഷ്ണു മനോജ്, മിഥുന്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






