ഉമ്മന്‍ ചാണ്ടി വണ്ടിപ്പെരിയാറിന് സമര്‍പ്പിച്ച വികാസ്‌നഗര്‍ പാലം അപകടാവസ്ഥയില്‍
ഉമ്മന്‍ ചാണ്ടി വണ്ടിപ്പെരിയാറിന് സമര്‍പ്പിച്ച വികാസ്‌നഗര്‍ പാലം അപകടാവസ്ഥയില്‍

ഇടുക്കി: അപകടാവസ്ഥയിലായ വണ്ടിപ്പെരിയാര്‍ വികാസ്‌നഗര്‍ പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന്റെ കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് ഇരുമ്പുകമ്പികള്‍ പുറത്തേയ്ക്ക് തള്ളിയനിലയിലാണ്. കൂടാതെ, ഒരുവശത്തെ കല്‍ക്കെട്ടുകളും ഇളകിത്തുടങ്ങി. ബലക്ഷയമുണ്ടായതായി വ്യക്തമായതോടെ പാലത്തില്‍ വലിയ വാഹനങ്ങള്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം പുനര്‍നിര്‍മാണത്തിന്റെ ആദ്യഘട്ടമായി രൂപരേഖ തയാറാക്കിയെങ്കിലും തുടര്‍നടപടി നിലച്ചതായും പരാതിയുണ്ട്. വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ വികാസ്‌നഗറിലേക്ക് പോകുന്നത്. പ്രദേശത്തെ ആയിരത്തിലേറെ കുടുംബങ്ങളും പാലത്തെ ആശ്രയിക്കുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ പൊളിഞ്ഞനിലയിലാണ്. കല്‍ക്കെട്ടുകള്‍ ഇടിഞ്ഞുതുടങ്ങിയതും ഭീഷണിയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ കൈത്തോടിനുകുറുകെ ഉണ്ടായിരുന്ന നടപ്പാലത്തിനുപകരം ഉമ്മന്‍ ചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഇടപെടലില്‍ പാലം നിര്‍മിച്ചത്. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഉദ്ഘാടനം ചെയ്തത്. പല പ്രളയങ്ങളെയും അതിജീവിച്ച പാലമാണിത്. തോടിന്റെ ഇരുവശത്തെയും കല്‍ക്കെട്ടുകള്‍ പുതുക്കിപ്പണിത് നിലവിലെ ഘടനമാറ്റിയുള്ള പുതിയ പാലത്തിന്റെ രൂപരേഖ ജലവിഭവ വകുപ്പ് തയാറാക്കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടിയുടെ നാടിന് സമര്‍പ്പിച്ച പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി എ അബ്ദുള്‍ റഷീദ് ആവശ്യപ്പെട്ടു.
What's Your Reaction?






