ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം : പ്രത്യക്ഷസമരവുമായി കോണ്‍ഗ്രസ്
ചൊക്രമുടിയിലെ അനധികൃത കയ്യേറ്റം : പ്രത്യക്ഷസമരവുമായി കോണ്‍ഗ്രസ്

ഇടുക്കി: ബൈസണ്‍വാലി പഞ്ചായത്തിലെ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ പ്രത്യക്ഷസമരവുമായി പഞ്ചായത്തംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്. റവന്യു വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ കൃത്രിമരേഖകളുടെ പിന്‍ബലത്തില്‍ ഭൂ-റിസോര്‍ട്ട് മാഫിയ കൈയടക്കിവെച്ചിരിക്കുകയും പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. സര്‍വേ നമ്പര്‍ 27 / 1 ല്‍ ഉള്‍പ്പെട്ട ഈ പ്രദേശം നീലക്കുറിഞ്ഞി പൂക്കുന്ന മേഖല കൂടിയാണ്. അനധികൃത റോഡ് നിര്‍മാണം, പാറ ഖനനം, അപൂര്‍വ്വ മരങ്ങള്‍ വെട്ടിക്കടത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അടിവാരത്തുള്ള ആദിവാസി കുടുംബങ്ങളുടെ കുടിവെള്ളവും ജീവിത മാര്‍ഗവും തടസപ്പെടുത്തിയിരിക്കുകയാണെന്നും മറ്റൊരു വയനാട് സൃഷ്ടിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു . ഇതിനെതിരെ ജില്ലാ കലക്ടര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റത്തിനെതിരെ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി അംഗം ജോസഫ് വട്ടോത്ത്, പഞ്ചായത്തംഗങ്ങളായ സന്തോഷ് ഭാസ്‌കരന്‍, സിജു ജേക്കബ്ബ്, ടി എം രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






