കല്യാണത്തണ്ടില്‍ നിന്ന് ആരെയും കുടിയിറക്കില്ല: കോണ്‍ഗ്രസിന്റേത് കപടരാഷ്ട്രീയം: എല്‍ഡിഎഫ് നയവിശദീകരണ യോഗം ചേര്‍ന്നു
കല്യാണത്തണ്ടില്‍ നിന്ന് ആരെയും കുടിയിറക്കില്ല: കോണ്‍ഗ്രസിന്റേത് കപടരാഷ്ട്രീയം: എല്‍ഡിഎഫ് നയവിശദീകരണ യോഗം ചേര്‍ന്നു

ഇടുക്കി: കല്യാണത്തണ്ടില്‍ നിന്ന് ഒരാളെയും കുടിയിറക്കില്ലെന്നും യുഡിഎഫിന്റെ കപടരാഷ്ട്രീയമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് നയവിശദീകരണ യോഗം കല്യാണത്തണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പരിസ്ഥിതിവാദികളെ കൂട്ടുപിടിച്ച് സങ്കീര്‍ണമാക്കി കോടതിയിലെത്തിക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിച്ചുവരുന്നത്.
കല്യാണത്തണ്ടില്‍ കൈയേറ്റം നടന്നതായി പരാതി നല്‍കിയതും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതും കോണ്‍ഗ്രസുകാരാണ്. ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായാണ്. ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൈയേറ്റം മറയ്ക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് കുടിയിറക്കല്‍ എന്ന വ്യാജപ്രചാരണം. വിഷയം ശ്രദ്ധയില്‍പെട്ടയുടന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ജില്ലയിലെ എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കാന്‍ ഭൂനിയമ ഭേദഗതി നിയമം നടപ്പാക്കി. ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തിലേറെ പട്ടയങ്ങള്‍ വിതരണം ചെയ്യും. കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടെ പട്ടയം നല്‍കും. സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ തടയാന്‍ ജനങ്ങള്‍ക്കൊപ്പം ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വവും ഉണ്ടാകുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.
അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞു. കല്യാണത്തണ്ടിലെ ഉള്‍പ്പെടെ പട്ടയ അപേക്ഷകള്‍ നടപടി പുരോഗമിക്കുകയാണ്. ജനത്തെ തെറ്റിദ്ധരിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റം മറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വേണ്ടിവന്നാല്‍ കല്യാണത്തണ്ടില്‍ ഭൂമി കൈയേറിയ നേതാക്കളുടെ പേരുവിവരം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ വി ആര്‍ ശശി അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ്, സിപിഎം ഏരിയ സെക്രട്ടറി വി ആര്‍ സജി, എല്‍ഡിഎഫ് നേതാക്കളായ ടോമി ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, ഷാജി കൂത്തോടിയില്‍, പി എം നിഷാമോള്‍, ലിജോബി ബേബി, പി വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കല്യാണത്തണ്ടില്‍ റവന്യു വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച ഭൂമിയും എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.
What's Your Reaction?






