വൈ സി സ്റ്റീഫന്റെ 'ഓര്‍മകളുടെ മുറിപ്പാടുകള്‍' പുറത്തിറക്കി
വൈ സി സ്റ്റീഫന്റെ 'ഓര്‍മകളുടെ മുറിപ്പാടുകള്‍' പുറത്തിറക്കി

ഇടുക്കി: മുന്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ വൈ സി സ്റ്റീഫന്‍ എഴുതിയ 'ഓര്‍മകളുടെ മുറിപ്പാടുകള്‍' എന്ന പുസ്തകം പുറത്തിറക്കി. കട്ടപ്പന ട്രൈബല്‍ ഗവ. എച്ച്എസ്എസില്‍ നടന്ന പരിപാടിയില്‍ പൊതുപ്രവര്‍ത്തകന്‍ അഡ്വ. സേനാപതി വേണു പ്രകാശനം ചെയ്തു. വൈ സി സ്റ്റീഫന്റെ ശിഷ്യരായ രാജു ജോസ്, ആനി സ്റ്റെല്ലാ മേരി ഐസക്, ടിജി. എം. രാജു, സുനില്‍. കെ. കുമാരന്‍ എന്നിവര്‍ ആദ്യ പകര്‍പ്പുകള്‍ ഏറ്റുവാങ്ങി.
അപൂര്‍വ സംഗമത്തിനാണ് ഇന്നലെ കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂള്‍ വേദിയായത്. അവധി ദിവസമായിരുന്നിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയവര്‍ ആ പഴയ ക്ലാസ് മുറിയില്‍ ഒത്തുകൂടി. അവരുടെ പ്രിയപ്പെട്ട ഗുരുനാഥന്‍ വൈ.സി. സ്റ്റീഫന്‍ രചിച്ച 'ഓര്‍മകളുടെ മുറിപ്പാടുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിക്കാനാണ് പൂര്‍വ വിദ്യാര്‍ഥികള്‍ എത്തിയത്. വിവിധ ബാച്ചുകളിലായി പഠിച്ച തന്റെ കുട്ടികള്‍ക്ക് കൈമാറിക്കൊണ്ട് വേണം പുസ്തകത്തിന്റെ പ്രകാശനമെന്ന് വൈ.സി. സ്റ്റീഫന്‍ എന്ന റിട്ട. അദ്ധ്യാപകന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. കൊല്ലം സ്വദേശിയായ സ്റ്റീഫന്‍ അദ്ധ്യാപക ജോലിക്കായാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയിലേക്ക് വന്നത്. വിവിധ സ്‌കൂളുകളില്‍ സേവനമനുഷ്ഠിച്ചു. ട്രൈബല്‍ സ്‌കൂളില്‍ നിന്ന് പ്രഥമാധ്യാപകനായാണ് വിരമിച്ചത്. സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായ അദ്ദേഹത്തിന്റെ ഓര്‍മകളാണ് പുസ്തകത്തിലുള്ളത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക് ചടങ്ങില്‍ അദ്ധ്യക്ഷയായി. കവയത്രി സിന്ധു സൂര്യ പുസ്തക പരിചയം നടത്തി. സോജന്‍ സ്വരാജ്, കെ.എസ്. ഫ്രാന്‍സിസ്, ജോര്‍ജ്ജ് ജോസഫ് പടവന്‍, അധ്യാപിക ഷൈബി കെ.കെ, ബിബിന്‍ വൈശാലി എന്നിവര്‍ സംസാരിച്ചു. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
What's Your Reaction?






