ഭീതി വിതച്ച് തെരുവ് നായകള്‍: കാഞ്ചിയാര്‍ പഞ്ചായത്തില്‍ കടിയേറ്റത് 4 പേര്‍ക്ക്
ഭീതി വിതച്ച് തെരുവ് നായകള്‍: കാഞ്ചിയാര്‍ പഞ്ചായത്തില്‍ കടിയേറ്റത് 4 പേര്‍ക്ക്

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം നാലായി. തിങ്കളാഴ്ച പഞ്ചായത്തംഗവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു. കാഞ്ചിയാര്‍ പഞ്ചായത്തംഗം റോയി എവറസ്റ്റ്, പരീക്ഷയ്ക്കായി പോയ പ്ലസ്ടു വിദ്യാര്‍ഥിനി മരുതങ്കല്‍ സൗമ്യ ബാബു, പച്ചനാംകുഴിയില്‍ സുമ കെ എം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെരിയോന്‍കവലയിലും സ്വരാജിലുമാണ് നായയുടെ ആക്രമണമുണ്ടായത്. സൗമ്യ ബാബുവിന്റെ കാലിനു ഗുരുതരമായി പരിക്കേറ്റു. സുമയുടെ കൈയ്ക്കും റോയി എവറസ്റ്റിന്റെ കാലിനും കടിയേറ്റു. മൂവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ലബ്ബക്കട ടൗണില്‍ കോളനിപ്പടി കടൂപാറയില്‍ അഖിലിനെയും തെരുവ് നായ കടിച്ചിരുന്നു.
ഏതാനും ദിവസങ്ങളായി മറ്റപ്പള്ളിക്കവല, കോളനിപ്പടി, ചന്ദ്രന്‍സിറ്റി, സ്വരാജ്, എസ്എന്‍ സ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ നായശല്യം രൂക്ഷമാണ്. എസ്എന്‍ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ കൂട്ടത്തോടെ എത്തുന്ന ഇവറ്റകള്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പാഞ്ഞടുക്കുന്നതായി അധികൃതര്‍ പറഞ്ഞു. നായകളെ പിടികൂടാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ പറഞ്ഞു.
What's Your Reaction?






