കൊച്ചി മാടവനയിലുണ്ടായ ബസ് അപകടത്തില്‍ വാഗമണ്‍ സ്വദേശി മരിച്ചു
കൊച്ചി മാടവനയിലുണ്ടായ ബസ് അപകടത്തില്‍ വാഗമണ്‍ സ്വദേശി മരിച്ചു

ഇടുക്കി: കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്നലില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. 42 പേരാണ് ബസിലുണ്ടായിരുന്നത്.
ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്ന്് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിജോയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തെ തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്നവരെ ചില്ല് തകര്‍ത്താണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ലേക് ഷോറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
What's Your Reaction?






