യാത്രക്കാരുടെ നടുവൊടിച്ച് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം
യാത്രക്കാരുടെ നടുവൊടിച്ച് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം

ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഭീമന്‍ ഗര്‍ത്തങ്ങള്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. മുമ്പ് ഇത്തരത്തില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടപ്പോള്‍ താല്‍ക്കാലികമായി കുഴിയടക്കുക മാത്രമാണ് നഗരസഭ ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം. സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് പാളികളാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ കുഴികള്‍ രൂപപ്പെടുമ്പോള്‍ മെറ്റിലും ടാറും ഉപയോഗിച്ച് അടച്ചാല്‍ നിലനില്‍ക്കില്ല എന്ന് അന്നേ വ്യാപാരികള്‍ അടക്കം പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊടിക്കൈകള്‍ ചെയ്ത് നഗരസഭ അധികൃതര്‍ സ്ഥലം കാലിയാക്കിയതോടെ മാസങ്ങളുടെ ഇടവേളയില്‍ തന്നെ വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഇടയ്ക്കിടയ്ക്ക് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് മാത്രമാണെന്ന് നഗരസഭയില്‍ നടക്കുന്നത്, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരികള്‍ക്ക് നേരമില്ല, ഇതിന്റെ ഫലം അനുഭവിക്കുന്നത് പൊതുജനങ്ങളാണ് , അതിന്റെ ഉദാഹരണമാണ് നാളുകളായി പുതിയ ബസ് സ്റ്റാന്‍ഡിലും പഴയ ബസ് സ്റ്റാന്‍ഡിലും രൂപപ്പെട്ടിരിക്കുന്ന അപകടകരമായ ഗര്‍ത്തങ്ങള്‍ എന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ പറഞ്ഞു. നിലവില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങളില്‍ നിന്നും കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്. ഗട്ടറുകളില്‍ ചാടുന്ന വാഹനങ്ങളുടെ ടയര്‍ പഞ്ചര്‍ ആകുന്നതിനും മറ്റ് കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. മഴ പെയ്യുന്നതോടെ ഗര്‍ത്തങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയും വാഹനങ്ങള്‍ ഈ ഗര്‍ത്തങ്ങളില്‍ ചാടുമ്പോള്‍ ചെളിവെള്ളം കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. കൂടാതെ സമീപത്തെ വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഗര്‍ത്തങ്ങള്‍ സമ്മാനിക്കുന്നത്. പഴയ ബസ്റ്റാന്‍ഡിനു പുറമേ പുതിയ ബസ് സ്റ്റാന്‍ഡിലും ഇതേ പ്രതിസന്ധിയാണുള്ളത്. അടിയന്തരമായി ബസ്റ്റാന്‍ഡിലെ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.നഗരത്തിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കുന്നതിനൊപ്പം കട്ടപ്പനയുടെ ഹൃദയഭാഗത്തുള്ള പഴയ ബസ് സ്റ്റാന്‍ഡും ശോച്യാവസ്ഥയിലായതോടെ പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കളും അറിയിച്ചു .
What's Your Reaction?






