അരങ്ങൊഴിഞ്ഞു: ഹൈറേഞ്ചിന്റെ നാടകാചാര്യന്‍ ഇനി ദീപ്തസ്മരണ
അരങ്ങൊഴിഞ്ഞു: ഹൈറേഞ്ചിന്റെ നാടകാചാര്യന്‍ ഇനി ദീപ്തസ്മരണ

ഇടുക്കി: ഹൈറേഞ്ചിന്റെ നാടകാചാര്യന്‍ എം സി കട്ടപ്പനയ്ക്ക് നാടിന്റെ യാത്രാമൊഴി. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, എം എം മണി എംഎല്‍എ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചിരുന്നു. സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 'പുനര്‍ജനിക്കുന്ന പെരുന്തച്ചനി''ലെ പെരുന്തച്ചനെയും 'ഓടയില്‍ നിന്നി'ലെ പപ്പുവിനെയും 'വാഴ്‌വേമായ'ത്തിലെ സുധീന്ദ്രനെയും അരങ്ങില്‍ അവിസ്മരണീയമാക്കിയ എം സി കട്ടപ്പന എന്ന അതുല്യകലാകാരന്‍ ഇനി കലാകേരളത്തിന്റെ ചരിത്രത്താളുകളില്‍ മായാതെനില്‍ക്കും.
അടിയന്തരാവസ്ഥക്കാലത്ത് മൂവാറ്റുപുഴ സബ് ജയിലില്‍ തടവില്‍ കഴിയുന്ന കാലത്താണ് ഉള്ളില്‍ ഒളിഞ്ഞുകിടന്ന അഭിനയവാസന പുറത്തെടുത്തത്. ജയില്‍വാസത്തിന്റെ വിരസത മാറ്റാന്‍ സഹപ്രവര്‍ത്തകര്‍ക്കും സഹതടവുകാര്‍ക്കും മുമ്പില്‍ പല കഥാപാത്രങ്ങളായി പകര്‍ന്നാടി. ഇവരുടെ പ്രോത്സാഹനം മൂന്നുപതിറ്റാണ്ടുനീണ്ട നാടകസപര്യയിലേക്കുള്ള പിറവി കുറിച്ചു. നടനെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് 1977ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്‌സിന്റെ 'കൊടുങ്കാറ്റൂതിയ ഗ്രാമം' എന്ന പ്രൊഫഷണല്‍ നാടകത്തിലെത്തുന്നത്. ഇതിലെ കഥാപാത്രത്തെ അവതരിപ്പിച്ച് നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നൂറിലധികം വേദികളില്‍ അവതരിപ്പിച്ച 'പുനര്‍ജനിക്കുന്ന പെരുന്തച്ചനി''ലെ പെരുന്തച്ചന്‍ കഥാപാത്രം നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തു. പിന്നീട് തിരുവനന്തപുരം താസ്‌കിന്റെ ''ഓടയില്‍ നിന്നി''ലെ പപ്പുവും ''വാഴ്വേമായ''ത്തിലെ സുധീന്ദ്രനും എം സിയിലൂടെ വേദികളിലെത്തി. ഇതിനിടെ സംവിധായക കുപ്പായവും അണിഞ്ഞു. ചങ്ങനാശേരി അണിയറയുടെ ആദ്യകാല ഹിറ്റുകളെല്ലാം അണിയിച്ചൊരുക്കിയത് എം സി കട്ടപ്പനയാണ്.
What's Your Reaction?






