ഇടുക്കി: വട്ടവടയില്‍ പുതിയ ടൂറിസം സീസണിലേക്കുള്ള സ്‌ട്രോബറി കൃഷി തുടങ്ങാന്‍ തയാറെടുത്ത് കര്‍ഷകര്‍. ഡിസംബറില്‍ വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് കൃഷിയിറക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ മെച്ചപ്പെട്ട വിളവും പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാഴ്ചകള്‍ മാത്രമല്ല, സ്ട്രോബറിയുടെയും ബ്ലാക്ക്‌ബെറിയുടെയുമൊക്കെ രുചികള്‍ തേടിയുമാണ് സഞ്ചാരികള്‍ വട്ടവടയിലെത്തുന്നത്. ഇവ ഉപയോഗിച്ച് തയാറാക്കുന്ന വൈനും ജാമും ആളുകള്‍ക്ക് പ്രിയങ്കരമാണ്.
കഴിഞ്ഞ സീസണില്‍ കിലോഗ്രാമിന് 600 രൂപ നിരക്കിലായിരുന്നു സ്‌ട്രോബറിയുടെ വില. ജാമും വൈനും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. കൃഷിയും ടൂറിസം ഇഴചേര്‍ന്നുള്ളതാണ് വട്ടവടയുടെ പ്രത്യേകത. വിവിധയിനം സ്ട്രോബറികള്‍ കര്‍ഷകര്‍ കൃഷി ചെയ്യാറുണ്ട്. 8 മാസത്തോളം ഇതില്‍ നിന്ന് വിളവെടുക്കാം. പുതുവത്സരവും മധ്യവേനല്‍ അവധിയുമൊക്കെ എത്തുന്നതോടെ വട്ടവടയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്.