കുഴൽ കിണർ റീചാർജിങ്: ജലം പരിശോധനക്കായി ശേഖരിച്ചു
കുഴൽ കിണർ റീചാർജിങ്: ജലം പരിശോധനക്കായി ശേഖരിച്ചു

ഇടുക്കി : കുഴൽ കിണർ റീചാർജിങ് സംവിധാനത്തിന്റെ രണ്ടാംഘട്ട പരിശോധനയ്ക്കായി ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്റെ നിർദ്ദേശപ്രകാരം ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ ജല സാമ്പിൾ ശേഖരിച്ചു. ജലത്തിന്റെ ഗുണമേന്മയും ശുദ്ധതയും ഉപയോഗക്ഷമതയും ലാബിൽ പരിശോധന നടത്തും.മലയാളി ചിരി ക്ലബ്ബിന്റെയും റിവൈറ്റ് ഹൈഡ്രോ സിസ്റ്റത്തിന്റെയും നേതൃത്വത്തിൽ പദ്ധതി ജനങ്ങളിലേക്ക് എത്തിയിരുന്നു. മേൽക്കൂരയിൽ നിന്നും ശേഖരിക്കുന്ന ജലം കുഴൽ കിണറ്റിലേക്ക് എത്തിച്ച് കുടിവെള്ളക്ഷാമത്തെ അകറ്റുന്ന സജ്ജീകരണം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നടപ്പിലാക്കി. ഇത്തരത്തിൽ മുൻകാലങ്ങളിലും അടുത്ത നാളുകളിലും കുഴൽ കിണർ റീചാർജിങ് സംവിധാനം ഒരുക്കിയ വീടുകളിലാണ് പരിശോധന നടത്തിയത്. ജിയോളജിക്കൽ അസിസ്റ്റന്റ് പ്രതിഭാ രവീന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥരായ ജ്യോതി ബാബു, അബ്ദുൽ ഗഫർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടർന്ന് ലഭിക്കുന്ന റിപ്പോർട്ട് വകുപ്പിന് കൈമാറും.
രൂക്ഷമായ വരൾച്ച കേരളത്തെ പാടെ വലച്ചിരുന്നു . എന്നാൽ കുഴൽ കിണർ റീചാർജിങ് സംവിധാനം ഒരുക്കിയ വീടുകൾക്കും സ്ഥാപനങ്ങൾക്കും കുടിവെള്ളക്ഷാമം ഉണ്ടായില്ല. ഇതോടെയാണ് സംവിധാനത്തിന് കൂടുതൽ പ്രചാരം ഏറിയത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ നടത്തിയിരുന്നു. തുടർന്ന് സംവിധാനത്തിന്റെ ഉപയോഗവും ആശയവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മന്ത്രി റോഷി ആഗസ്റ്റിന്റെ നേതൃത്വത്തിൽ യോഗങ്ങളും ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി സംവിധാനം നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ഉദ്യോഗസ്ഥർ വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമാണ് മുമ്പ് സന്ദർശനം നടത്തിയിരുന്നു . ഇതിന്റെ തുടർ നടപടി എന്നോണമാണ് രണ്ടാം ഘട്ട പരിശോധന.
What's Your Reaction?






