സമ്പൂര്‍ണ ശുചിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കട്ടപ്പന നഗരസഭ

സമ്പൂര്‍ണ ശുചിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കട്ടപ്പന നഗരസഭ

Jan 3, 2025 - 23:11
 0
സമ്പൂര്‍ണ ശുചിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കട്ടപ്പന നഗരസഭ
This is the title of the web page

ഇടുക്കി: പുതുവര്‍ഷത്തില്‍ സമ്പൂര്‍ണ ശുചിത്വം നടപ്പിലാക്കാന്‍ ഒരുങ്ങി കട്ടപ്പന നഗരസഭ. നഗരത്തിലെ ജൈവമാലിന്യ ശേഖരണത്തിന് അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തി. വീടുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച് 25ന് അകം നഗരസഭ നിര്‍ദേശിച്ചിരിക്കുന്ന സ്വകാര്യ ഏജന്‍സിക്ക് യൂസര്‍ ഫീ നല്‍കി മാലിന്യം കൈമാറുകയോ, സ്വയം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണം. നഗരസഭ പരിധിയില്‍ വളരെ കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുള്ളത്. വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും പ്രതിമാസം 750രൂപയാണ് യൂസര്‍ ഫീ. വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ച് കിലോവരെ 50രൂപയും അഞ്ച് കിലോക്ക് മുകളില്‍ ഓരോ കിലോഗ്രാമിന് 7രൂപയും നല്‍കണം. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന തുകയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്  നഗരസഭ  വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി പറഞ്ഞു. നഗരസഭ പരിധിയില്‍ ടൗണിലും ടൗണിനോട് ചേര്‍ന്നുമുള്ള അപ്പാര്‍ട്ട്‌മെന്റ്, വിടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. മുമ്പ് അംഗീകാരം ഇല്ലാത്ത ഏജന്‍സികള്‍ക്കായിരുന്നു  സ്ഥാപനങ്ങളില്‍നിന്നുള്ള ജൈവമാലിന്യം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ചട്ടമനുസരിച്ച് നഗരസഭ നിര്‍ദേശിക്കുന്ന ഏജന്‍സിക്ക് മാത്രമേ മാലിന്യം കൈമാറാന്‍ പാടുള്ളൂ. ജനുവരി 1മുതല്‍ 7വരെ വലിച്ചെറിയല്‍ വിരുദ്ധ വാരമായി ആചരിക്കാന്‍ തീരുമാനിച്ചതായി ഗ്രീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് പറഞ്ഞു. ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും നിര്‍ബന്ധമായി പദ്ധതിയില്‍ അംഗമാകണം. പദ്ധതിയില്‍ അംഗമാകാന്‍ നഗരസഭ ഓഫീസില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. നഗരസഭയുമായി ബന്ധപ്പെട്ട ലൈസന്‍സുകള്‍ക്ക് അനുമതിപത്രങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ പദ്ധതിയില്‍ അംഗങ്ങളാവുകയോ സ്വയം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow