വണ്ടന്‍മേട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു
വണ്ടന്‍മേട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു

ഇടുക്കി: വണ്ടന്‍മേട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അസിസ്റ്റന്റ് സര്‍ജന്‍ ഉള്‍പ്പെടെ 6 ഡോക്ടര്‍മാരുടെ തസ്തികയുള്ളിടത്ത് നിലവില്‍ രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. 2020 ല്‍ ബ്ലോക്ക് ലെവല്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പുറ്റടി ഗവ: ആശുപത്രിയുടെ അവസ്ഥ ഇപ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് താഴെയാണ്. കഴിഞ്ഞവര്‍ഷം നിരവധി പ്രതിഷേധങ്ങളും ജനകീയ സമരങ്ങളും നടന്നതിന്റെ ഫലമായി കൂടുതല്‍ ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിയമിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലാണ്. മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ്ജുള്ള ഡോക്ടര്‍ പ്രസവ അവധിയിലായതിനാല്‍ മാസങ്ങളായി പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടി ഇവിടെ എത്താറുണ്ട്. ഈ ആശുപത്രിയോടുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പൊതുപ്രവര്‍ത്തകനും എച്ച്എംസി അംഗവുമായ ഷാജി രാമനാട്ട് പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ച് ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുതിയതായി ഒന്നിലധികം കെട്ടിടങ്ങള്‍ പണിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ആനുപാതികമായി ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയോ ആവശ്യത്തിന് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കുകയോ ചെയ്യാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല. 2024 ഫെബ്രുവരിയിലാണ് ആശുപത്രിയിലെ പുതിയ ഒ. പി ബ്ലോക്കിന്റെയും ഐസൊലേഷന്‍ വാര്‍ഡിന്റെയും ഉദ്ഘാടനം നടന്നത്. 7 ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിക്കൊണ്ട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ആക്കി വണ്ടന്‍മേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ മാറ്റുമെന്ന് അന്നത്തെ യോഗത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതിനുശേഷം ഒരുവര്‍ഷം ആകാറായിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാരുടെ അഭാവം മൂലം ഉച്ചകഴിഞ്ഞുള്ള ഒ പി വെട്ടി കുറച്ചു. അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






