ഹെല്‍മറ്റ് വയ്ക്കാത്തതിന് മഹീന്ദ്ര ഥാര്‍ ഉടമയ്ക്ക് പെറ്റി ചുമത്തി പൊലീസ്
ഹെല്‍മറ്റ് വയ്ക്കാത്തതിന് മഹീന്ദ്ര ഥാര്‍ ഉടമയ്ക്ക് പെറ്റി ചുമത്തി പൊലീസ്
ഇടുക്കി: ഹെല്‍മറ്റ് വയ്ക്കാത്തതിന് മഹീന്ദ്ര ഥാര്‍ ഉടമയ്ക്ക് പെറ്റി ചുമത്തി പൊലീസ്. ഇടുക്കി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 44 ഇ 2387 എന്ന നമ്പറിലുള്ള മഹീന്ദ്ര ഥാര്‍ വാഹനത്തിനാണ് വിവാദ പെറ്റി ലഭിച്ചത്. ഹെല്‍മറ്റ് ധരിക്കാത്ത സ്‌കൂട്ടര്‍ സഹയാത്രികയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പെറ്റി ചുമത്തിയത്. 2023 ഫെബ്രുവരിയില്‍ പെരുമ്പാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന നിയമ ലംഘനമെന്നാണ് നോട്ടീസില്‍ സൂചിപ്പിക്കുന്നത്. വാഹന രജിസ്ട്രേഷന്‍ നമ്പറില്‍ പിശക് സംഭവിച്ചതാകാമെന്നും പെറ്റി ഒഴിവാക്കി തരാന്‍ നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂര്‍ പൊലീസിനോട് ഉടമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ പെറ്റി ഒഴിവാക്കുകയോ, വ്യാജ നമ്പറിലുള്ള വാഹനമാണോ എന്ന് പരിശോധിക്കുകയോ ചെയ്തില്ല. പിഴ, ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ വാഹനത്തിന്റെ വില്‍പ്പനയും പ്രതിസന്ധിയിലായി. ഒടുവില്‍, ഹെല്‍മറ്റ് വെയ്ക്കാത്തതിന് വന്ന, പിഴ അടച്ചാണ്, ഥാര്‍ ഉടമ പ്രതിസന്ധി ഒഴിവാക്കിയത്. സാങ്കേതിക തകരാര്‍ മൂലം സംഭവിച്ച പിഴവാണെങ്കിലും അത് സൂചിപ്പിച്ചിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, കിലോമീറ്ററുകള്‍ അകലെയുള്ള സ്റ്റേഷനില്‍ എത്തി വിവരം ധരിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. വാഹനത്തിന്റെ പൂര്‍ണമായ വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് ഇരിക്കെയാണ് യാതോരു പുനപരിശോധനയും നടത്താതെ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
What's Your Reaction?

