സത്രം എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന് തിരിച്ചടിയായത് വനംവകുപ്പിന്റെ കടുംപിടുത്തം: വാഴൂര്‍ സോമന്‍ എംഎല്‍എ
സത്രം എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന് തിരിച്ചടിയായത് വനംവകുപ്പിന്റെ കടുംപിടുത്തം: വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പ് നിര്‍മാണത്തിന് തിരിച്ചടിയായത് വനംവകുപ്പിന്റെ കടുംപിടുത്തമാണെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി 2017ലാണ് വണ്ടിപ്പെരിയാര്‍ സത്രത്തില്‍ 12 ഏക്കര്‍ സ്ഥലത്ത് 12 കോടി മുതല്‍ മുടക്കി എയര്‍ സ്ട്രിപ്പ് നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയാക്കി. മണ്ണിടിഞ്ഞ ഭാഗം പുനര്‍നിര്‍മിക്കാന്‍ 6 കോടി 30 ലക്ഷം രൂപയും അനുവദിച്ചു. എയര്‍ സ്ട്രിപ്പിലേക്കുള്ള 400 മീറ്റര്‍ പാതയില്‍ വനംവകുപ്പ് അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കമായത്. ഇടുക്കിയിലും പമ്പ, ശബരിമല എന്നിവിടങ്ങളിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ചെറുവിമാനങ്ങളും ഹെലികോപ്റ്ററും സത്രം എയര്‍ സ്ട്രിപ്പില്‍ ഇറക്കാമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനകാലത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് എയര്‍ സ്ട്രിപ്പ് സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ എന്‍സിസിയും രേഖാമൂലം അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കത്തില്‍ പക്ഷെ തുടര്‍ നടപടികളുണ്ടായില്ല. എയര്‍സ്ട്രിപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗ തീരുമാനവും നടപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി വാഴൂര്‍ സോമന്‍ എം എല്‍ എ ആരോപിച്ചു.
What's Your Reaction?






