ഫയര്‍ലൈന്‍ തെളിക്കാന്‍ വനപാലകര്‍ തീയിട്ടു: മുളകുവള്ളി സ്വദേശിനിയുടെ കൃഷിയിടം കത്തിനശിച്ചു
ഫയര്‍ലൈന്‍ തെളിക്കാന്‍ വനപാലകര്‍ തീയിട്ടു: മുളകുവള്ളി സ്വദേശിനിയുടെ കൃഷിയിടം കത്തിനശിച്ചു

ഇടുക്കി: വനപാലകര്‍ തീയിട്ടതിനെ തുടര്‍ന്ന് വീട്ടമ്മയുടെ പുരയിടത്തിലെ കൃഷി കത്തി നശിച്ചതായി പരാതി. വാഴത്തോപ്പ് മുളകുവള്ളി കല്ലറയ്ക്കല്‍ മേരി ജോണിന്റെ കൃഷിയിടത്തിലാണ് നാശനഷ്ടം. തീ കെടുത്തുന്നതിനിടെ സഹോദരന്‍ ജിഫിന് പൊള്ളലേറ്റു. മേരി ജോണ്‍ ജന്മനാ ബധിരയും മൂകയുമാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കാട്ടുതീ വ്യാപിക്കാതിരിക്കാനെന്ന പേരിലാണ് വനപാലകര്‍ തീയിട്ടത്. അരയേക്കര്‍ സ്ഥലത്തെ കുരുമുളക്, കശുമാവ്, കാപ്പി, വാഴ, മലയിഞ്ചി എന്നിവ പൂര്‍ണമായി കത്തിനശിച്ചു. പുരയിടത്തോടൊപ്പം വീടിന്റെ പിന്‍ഭാഗത്തും തീ പടര്‍ന്നു. 2021 ലും സമാനമായ രീതിയില്‍ തീയിട്ടതിനെ തുടര്‍ന്ന് ഇവരുടെ കൃഷിയിടത്തില്‍ നാശനഷ്ടമുണ്ടായിരുന്നു. അന്ന് വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്ന് ജിഫിന്‍ പറഞ്ഞു.
വനപാലകരുടെ അനാസ്ഥയില്‍ നിര്‍ധന കുടുംബത്തിന്റെ ആകെയുള്ള 50 സെന്റ് സ്ഥലത്തെ വിളകള്‍ നഷ്ടമായി. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും മേരി ജോണ്‍ പരാതിയും നല്‍കി.
What's Your Reaction?






