പൊലീസുകാരനെ ബൈക്കിടിപ്പിച്ചെന്ന കേസ് വ്യാജമെന്ന് ബന്ധുക്കള്‍: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി
പൊലീസുകാരനെ ബൈക്കിടിപ്പിച്ചെന്ന കേസ് വ്യാജമെന്ന് ബന്ധുക്കള്‍: പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി

കട്ടപ്പന : പൊലീസുകാരനെ യുവാക്കള്‍ ബൈക്കിടിപ്പിച്ചെന്ന കേസില്‍ കട്ടപ്പന പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കട്ടപ്പന എസ്‌ഐ കേസ് കെട്ടിച്ചമച്ചതാണെന്ന് അറസ്റ്റിലായ പുളിയന്‍മല മടുക്കോലിപ്പറമ്പില്‍ ആസിഫിന്റെ അമ്മ ഷാമില ബീവി ആരോപിച്ചു. തിരഞ്ഞെടുപ്പ് തലേന്ന് രാത്രിയില്‍ ഇരട്ടയാറിലാണ് സംഭവം. പട്രോളിങിന്റെ ഭാഗമായി വാഹനപരിശോധനക്കിടെ മൂന്നു യുവാക്കള്‍ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാത്ത 2 ബൈക്കുകളില്‍ അമിവേഗത്തില്‍ വന്നുവെന്നും തടയാന്‍ ശ്രമിച്ച പൊലീസുകാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയെന്നുമാണ് കേസ്. സംഭവത്തില്‍ ആസിഫിനെയും പ്രായപൂര്‍ത്തിയാകാത്ത 2പേരെയും പൊലീസ് പിടികൂടിയിരുന്നു.
എന്നാല്‍ ആസിഫിനെതിരെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കട്ടപ്പന എസ്‌ഐ വ്യാജമായി കേസ് കെട്ടിച്ചമച്ച് കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയെന്നാണ് മാതാവ് ഷാമില ബീവി പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആസിഫിന്റെ ബൈക്ക് പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ദിവസം ആസിഫിനെ പൊലീസുകാര്‍ മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതേ കേസില്‍ പിടിയിലായ പ്രായപൂര്‍ത്തിയാകാത്തയാളുടെ ഫോണ്‍ സംഭാഷണമാണ് പ്രചരിക്കുന്നത്.
ബൈക്കില്‍ സഞ്ചരിച്ചപ്പോള്‍ പിന്തുടര്‍ന്ന് വന്നാണ് പൊലീസ് പിടികൂടിയതെന്നും ഭയന്ന് ബൈക്ക് ഉപേക്ഷിച്ചുഓടിയപ്പോള്‍ പിന്നാലെ ഓടി വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തുവീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. മര്‍ദ്ദനത്തിന് ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും വഴി മര്‍ദ്ദനമേറ്റ വിവരം ഡോക്ടറോഡ് പറയരുതെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും സംഭാഷണത്തിലുണ്ട്. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
What's Your Reaction?






