വണ്ടിപ്പെരിയാറില്‍ റോഡരികില്‍ മാലിന്യം തള്ളി
വണ്ടിപ്പെരിയാറില്‍ റോഡരികില്‍ മാലിന്യം തള്ളി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്ക്, അഞ്ചുമുക്ക് മേഖലകളില്‍ റോഡരികില്‍ മാലിന്യം തള്ളല്‍ രൂക്ഷം. ആനവിലാസം-കുമളി പാതയില്‍ ജനവാസ മേഖലയിലാണ് വീടുകളില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ തള്ളിയിരിക്കുന്നത്. താരതമ്യേന വീതിക്കുറവുള്ള റോഡിനിരുവശത്തും കാട് വളര്‍ന്ന് നില്‍ക്കുന്നത് കാല്‍നട യാത്രാക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മേഖലയില്‍ മാലിന്യം തള്ളല്‍ രൂക്ഷമാകുന്നത്. 25-ലേറെ കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള സ്രോതസും സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മാലിന്യങ്ങള്‍ ഒഴുകി ഇവിടെയ്ക്ക് എത്തുന്നതുമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡിനിരുവശങ്ങളിലും കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നത് വിദ്യാര്‍ഥികളടക്കമുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങള്‍ വരുമ്പോള്‍ റോഡരുകിലേക്ക് മാറിനില്‍ക്കാന്‍ പോലും സാധിക്കില്ല. കഴിഞ്ഞ ദിവസം വാഹനമിടിച്ച് ആട് ചത്ത സംഭവമുണ്ടായിരുന്നു. അടിയന്തരമായി റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ റോഡരുകിലെ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നു. വെളിച്ചമില്ലാത്തതുമൂലം രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണം ഭയന്നാണ് യാത്രക്കാര്‍ കടന്നുപോകുന്നത്. പ്രദേശത്ത് മാലിന്യം തള്ളുന്നതിനെതിരെയും റോഡരുകിലെ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനും വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






