കരമടയ്ക്കാതെ പട്ടയത്തിന്റെ നിയമസാധുത നഷ്ടമായി: മൂന്നുവര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങി മുക്കുടം സ്വദേശി ഹരിദാസ്
കരമടയ്ക്കാതെ പട്ടയത്തിന്റെ നിയമസാധുത നഷ്ടമായി: മൂന്നുവര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങി മുക്കുടം സ്വദേശി ഹരിദാസ്
ഇടുക്കി: കൊന്നത്തടി മുക്കുടത്ത് കരം അടക്കാതിരുന്നതിനാല്‍ പട്ടയത്തിന്റെ നിയമസാധുത നഷ്ടുപ്പെട്ടുവെന്ന് അധികാരികള്‍ പറയുന്നതായി കര്‍ഷകന്‍. മുക്കുടം വേലംപറമ്പില്‍ ഹരിദാസ് ആണ് മൂന്ന് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. 1969ലാണ് ഹരിദാസിന്റെ മാതാവ് സരസ്വതിയമ്മയ്ക്ക് 1.70 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നത്. എഴുത്തോ വായനയോ വശമില്ലാതിരുന്നതിനാല്‍ സരസ്വതിയമ്മ പട്ടയത്തിന് കരം അടച്ചിരുന്നില്ല. 2018ല്‍ അമ്മ മരിച്ചതിനുശേഷമാണ് ഹരിദാസിന് ഈ ഇത് ലഭിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ വേണ്ടത്ര അറിവ് ഇല്ലാതിരുന്നതിനാല്‍ ഹരിദാസും ഇത് അവഗണിച്ചു. എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കുമുമ്പ് മകളുടെ വിവാഹ ആവശ്യത്തിനായി പണം സ്വരൂപിക്കാന്‍ ആധാരവുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ആധാരം അസാധുവായതായി അറിയുന്നത്. തുടര്‍ന്ന് കൊന്നത്തടി വില്ലേജ് ഓഫീസിനെ സമീപിച്ചു. ഇവിടെ പട്ടയ നമ്പര്‍ അടങ്ങിയ രജിസ്റ്റര്‍ ലഭിക്കാതിരുന്നതിനാല്‍ ഇടുക്കി, ഉടുമ്പന്‍ചോല താലൂക്ക് ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും രേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ദേവികുളം തഹസില്‍ദാരെ സമീപിച്ചു. രേഖകള്‍ ഇടുക്കി താലൂക്ക് ഓഫീസിലേക്ക് അയച്ചുകൊള്ളാമെന്നുപറഞ്ഞ് ഹരിദാസിനെ മടക്കി അയച്ചു. ഒരാഴ്ചയ്ക്കുശേഷം ഇവിടടെനിന്നും രേഖകള്‍ ഒന്നും ലഭിച്ചില്ലെന്ന അറിയിപ്പാണ് ഹരിദാസിന് ലഭിച്ചത്. എന്നാല്‍ വീണ്ടും പുതിയ പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയതിനുശേഷം അന്നത്തെ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം എഡിഎമ്മിനെ വിളിക്കുകയും പഴയ പട്ടയം തന്നെ തയാറാക്കി നല്‍കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ നാളിതുവരെ ആയിട്ടും എഡിഎമ്മിന്റെ ഭാഗത്തുനിന്നോ താലൂക്കില്‍ നിന്നോ വില്ലേജില്‍ നിന്നോ ഒരു അറിയിപ്പും ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ സാധാരണക്കാരെ നട്ടംതിരിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ വീട്ടുകാര്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും കലക്ടറേറ്റിനു മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് ബിജെപി മുക്കുടം ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?