ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ രാജീവ് ഗാന്ധി കോളനി നിവാസികള്‍ താമസിക്കുന്നത് ഏതു നിമിഷവും നിലം പതിക്കാറായ വീടുകളിലാണ്. 30 വര്‍ഷത്തോളം പഴക്കമുള്ള അമ്പതോളം വീടുകളാണ് ഈ കോളനിയിലുള്ളത്. ഓരോ വീടിന്റെയും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിയും കമ്പനികള്‍ ദ്രവിച്ച അവസ്ഥയിലുമാണ്യ. ഇത് കൂടാതെ കോളനിയിലെ ഓരോ കുടുംബത്തിനും പട്ടയമെന്നത് സ്വപ്‌നമാണ്. മാറിമാറി വരുന്ന സര്‍ക്കാരുകളും ജനപ്രതിനിധികളും കോളനിയെ അവഗണിക്കുകയാണെന്നുള്ള ആക്ഷേപമാണ് പൊതുപ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നത്. പല വീടുകളുടെയും ശോചനീയാവസ്ഥ കാരണം ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങള്‍ മറ്റു മേഖലയിലേക്ക് മാറി താമസിക്കേണ്ട സ്ഥിതിയിലാണ്. കോളനിയിലെ വീടുകള്‍ നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെയും, പഞ്ചായത്തിന്റെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.