മാനദണ്ഡങ്ങള്‍ പാലിച്ച് വാടകയ്‌ക്കെടുത്ത ഹോട്ടല്‍ ഡിടിപിസി അധികൃതര്‍ പൂട്ടി: സമരത്തിനൊരുങ്ങി വീട്ടമ്മ
മാനദണ്ഡങ്ങള്‍ പാലിച്ച് വാടകയ്‌ക്കെടുത്ത ഹോട്ടല്‍ ഡിടിപിസി അധികൃതര്‍ പൂട്ടി: സമരത്തിനൊരുങ്ങി വീട്ടമ്മ

ഇടുക്കി: മാനദണ്ഡങ്ങള്‍ പാലിച്ച് വാടകയ്‌ക്കെടുത്ത ഹോട്ടലിന്റെ കരാര്‍ കാരണമില്ലാതെ റദ്ദാക്കിയ ഡിടിപിസിയുടെ നടപടിക്കെതിരെ വീട്ടമ്മ സമരത്തിനൊരുങ്ങുന്നു. പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ മേഴ്‌സി റോയിയാണ് ഡിടിപിസിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, പട്ടികവര്‍ഗവകുപ്പ് മന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഡിടിപിസിയുടെ പത്രപ്പരസ്യത്തിലൂടെ വിവരമറിഞ്ഞ മേഴ്‌സി നിയമാനുസരണം ടെന്റര്‍ നല്‍കി. അഞ്ചുപേര്‍ കരാറില്‍ പങ്കെടുത്തെങ്കിലും ഏറ്റവും കൂടുതല്‍ വാടക വാഗ്ദാനം ചെയ്തത് മേഴ്‌സിയായതിനാല്‍ കരാര്‍ മേഴ്‌സിക്ക് നല്‍കുകയായിരുന്നു. കരാര്‍ ഉറപ്പിച്ചതിനെതുടര്‍ന്ന് രണ്ടരലക്ഷം രൂപ അഡ്വാന്‍സായും, പിന്നീട് 701150 രൂപയുമുള്‍പ്പെടെ 951150 രൂപ ഡിടിപിസിക്കു നല്‍കി. എഗ്രിമെന്റിനുള്ള മുദ്രപ്പത്രവും ഡിടിപിസിയില്‍ വാങ്ങിനല്‍കി. തുടര്‍ന്ന് എട്ടുലക്ഷം രൂപക്ക് ഉപകരണങ്ങള്‍ വാങ്ങുകയും, ഹോട്ടലിന്റെ പേയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇവിടെ ജോലിചെയ്തിരുന്ന 12 തൊഴിലാളി
കളെ വാടക വീട് എടുത്ത് അവര്‍ക്ക് പണവും ഭക്ഷണവും നല്‍കി. അവരെ ഒരുമാസത്തോളം താമസിപ്പിക്കുകയും ചെയ്തു. ഇത്രയും കാര്യങ്ങള്‍ ചെയ്തതിനുശേഷമാണ് ഡിടിപിസി സെക്രട്ടറി കരാര്‍ റദ്ദുചെയ്തുവെന്ന് അറിയിക്കുന്നത്. കരാര്‍ എടുത്തപ്പോള്‍ പറഞ്ഞിരുന്ന എല്ലാ മനദണ്ഡങ്ങളും പാലിച്ചിട്ടും യാതൊരുകാരണവുമില്ലാതെ താക്കോല്‍ തിരിച്ചുവാങ്ങിക്കുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് രണ്ടു കുട്ടികളുടെ വിദ്യാഭാസത്തിനും ബുദ്ധിമുട്ടായതിനാലാണ് ഹോട്ടല്‍ നടത്താന്‍ തീരുമാനിച്ചതെന്നും മേഴ്‌സി പറയുന്നു. ഹോട്ടലിന്റെ അറ്റകുറ്റപണികള്‍ ചെയ്തതിലും ഉപകരണങ്ങള്‍ വാങ്ങിയതിലും പെയിന്റിങ് നടത്തിയതിലും പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഇനത്തിലും 10 ലക്ഷം രൂപയിലധികം നഷ്ടം വന്നിട്ടുണ്ട്. ഡിടിപിസിയില്‍ അടച്ച തുക തിരികെ ലഭിച്ചെങ്കിലും പണയംവെച്ചും പലിശക്കുവാങ്ങിയും മുടക്കിയതുകയുടെ പലിശയും കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഹോട്ടല്‍ ടെന്റര്‍ ഇല്ലാതെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മേഴ്‌സി പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കരാറെടുത്ത എന്നെ ഒഴിവാക്കി എന്റെ നഷ്ടം തരാതെ മറ്റാര്‍ക്കെങ്ങിലും ഹോട്ടല്‍ നടത്തുന്നതിന് കരാര്‍ നല്‍കിയാല്‍ മരണം വരെ ഹോട്ടലിനുമുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് മേഴ്‌സി പറഞ്ഞു.
What's Your Reaction?






