ലബ്ബക്കട-മൂലേപ്പടി-ഒഴാക്കല്‍ റോഡ് നിര്‍മാണം പ്രതിസന്ധിയില്‍: പ്രതിഷേധവുമായി നാട്ടുകാര്‍
ലബ്ബക്കട-മൂലേപ്പടി-ഒഴാക്കല്‍ റോഡ് നിര്‍മാണം പ്രതിസന്ധിയില്‍: പ്രതിഷേധവുമായി നാട്ടുകാര്‍

ഇടുക്കി: ലബ്ബക്കട-മൂലേപ്പടി-ഒഴാക്കല്‍ റോഡിന്റെ നിര്‍മാണം പ്രതിസന്ധിയിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. റോഡിന് ആവശ്യമായ വീതി എടുക്കുന്നതില്‍ 2 കുടുംബങ്ങള്‍ തടസവാദവുമായി രംഗത്തെത്തിയതോടെയാണ് നിര്‍മാണം അനിശ്ചിതത്വതത്തിലായത്. വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്കും കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി. മടക്കം നാട്ടുകാര്‍ പരാതിയും നല്‍കി കഴിഞ്ഞു. വര്‍ഷങ്ങളുടെ പഴക്കമുള്ള റോഡ് ആദ്യം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിച്ചിരുന്നു. 6 മീറ്റര്‍ വീതിയിലാണ് അന്ന് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പിന്നീട് കാലക്രമേണ ഈ റോഡിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നുതുടങ്ങിയതോടെ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം റോഡ് നവീകരിക്കാന്‍ ഫണ്ട് വകയിരുത്തി. എന്നാല്‍ റോഡിന് മതിയായ വീതി ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ കഴിഞ്ഞ മാസം യോഗം വിളിക്കുകയും റോഡിന് ആവശ്യമായ വീതി എടുക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു. വീതി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ട് ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തുക കണ്ടെത്തിയാണ് ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഈ പണികള്‍ പൂര്‍ത്തിയായ വേളയിലാണ് ഈ കുടുംബങ്ങള്‍ തര്‍ക്കം ഉന്നയിച്ച് രംഗത്തുവന്നത്. 6 മീറ്റര്‍ വീതി ഉണ്ടെങ്കില്‍ മാത്രമേ ടാറിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കൂ. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുേമ്പാട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരുകുടുംബം പറയുന്നത് ഇങ്ങനെ റോഡ് നിര്‍മാണത്തിന് തങ്ങള്‍ എതിരല്ല. റോഡ് വീതി കൂട്ടിയ സമയത്ത് റോഡ് അരികിലേക്ക് മാറ്റിയിട്ട മണ്‍കൂന ഇടിഞ്ഞ് തങ്ങളുടെ വീട്ടുമുറ്റത്തേക്ക് വീഴുന്ന സാഹചര്യമായിരുന്നു. ഇത് വലിയ അപകട ഭീഷണിയായി മാറിയിരുന്നു. മണ്ണിടിഞ്ഞ് മുറ്റത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ദേഹത്ത് വീഴുന്ന സാഹചര്യംവരെ ഉണ്ടായി. ഇതില്‍ പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്തിന് അടക്കം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെയാണ് തങ്ങള്‍ പരാതിയുമായി രംഗത്തു വന്നതെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






