കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ 4 പൊലീസുകാരെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചു: അക്രമിസംഘത്തിലെ 4 പേര്‍ കസ്റ്റഡിയില്‍
കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ 4 പൊലീസുകാരെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചു: അക്രമിസംഘത്തിലെ 4 പേര്‍ കസ്റ്റഡിയില്‍

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തിനുസമീപം ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പരിശോധനക്കെത്തിയ പൊലീസുകാര്‍ക്കുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. കട്ടപ്പന സ്റ്റേഷനിലെ 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 4 യുവാക്കളെ അറസ്റ്റ് ചെയ്തു. വാഴവര സ്വദേശികളായ പാറക്കല്‍ നന്ദുമോന്‍ സണ്ണി, വിരിപ്പില്‍ വിഷ്ണു വിഎസ്, നിര്‍മലാസിറ്റി സ്വദേശിയായ പുതുശേരികുടിയില്‍ അഭിജിത്ത് സുരേന്ദ്രന്‍, മുളകരമേട് സ്വദേശി പൂവത്തുംമൂട്ടില്‍ ശ്രീജിത്ത് പി ശശി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ഷിബിന്‍ ശശി, ഷിജിന്‍ ശശി, വിനീഷ് സുകു എന്നിവര്‍ക്ക് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റു. ഇവര്‍ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. യുവാക്കളുടെ 7 അംഗ സംഘമാണ് കല്യാണത്തണ്ട് കേന്ദ്രീകരിച്ച് മദ്യസേവ നടത്തിയത്. ഇവര്‍ മറ്റ് ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതായും സംശയിക്കുന്നു. തുടര്‍ന്ന്, സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ടുവച്ച് അയല്‍വാസികളെ ബുദ്ധിമുട്ടിച്ചതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മഫ്തിയിലുള്ള പൊലീസുകാരനാണ് ആദ്യം ഇവരുടെ അടുത്തെത്തിയത്. ആക്രോശിച്ച് എത്തിയ യുവാക്കള്‍ ഇദ്ദേഹത്തെയും പിന്നാലെവന്ന മറ്റുപൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് അക്രമിസംഘത്തെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അറസ്റ്റ് ചെയ്ത 4 പേരെ നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. സിപിഒമാരായ ജിലൂപ് ജോസ്, അല്‍ബാഷ് പി രാജു, ബിബിന്‍ മാത്യൂ, രാഹുല്‍ മോഹന്‍ ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
.
What's Your Reaction?






