കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം: സ്റ്റേഡിയം നിലനിര്‍ത്തണമെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍: ഷോപ്പിങ് കോംപ്ലക്‌സ് മാത്രമേയുള്ളൂവെന്ന് ഭരണസമിതി
കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം: സ്റ്റേഡിയം നിലനിര്‍ത്തണമെന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍: ഷോപ്പിങ് കോംപ്ലക്‌സ് മാത്രമേയുള്ളൂവെന്ന് ഭരണസമിതി

ഇടുക്കി: കട്ടപ്പന നഗരസഭ സ്റ്റേഡിയത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം. കെട്ടിട നിര്‍മാണ പെര്‍മിറ്റിനും വായ്പയ്ക്കും അനുമതി നല്‍കുന്നതിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തു. ഷോപ്പിങ് കോംപ്ലക്‌സിനെ അനുകൂലിച്ചെങ്കിലും ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനെ യുഡിഎഫിലെ മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി, പ്രശാന്ത് രാജു എന്നിവര്‍ എതിര്‍ത്തു. ഇതിലൂടെ നഗരസഭയ്ക്ക് അധിക ബാധ്യത ഉണ്ടാകുമെന്നും ജോണി കുളംപള്ളി ചൂണ്ടിക്കാട്ടി. എന്നാല്‍ പദ്ധതിയുടെ പേര് ഇന്‍ഡോര്‍ സ്റ്റേഡിയം കം ഷോപ്പിങ് കോംപ്ലക്‌സ് എന്നാണെങ്കിലും ഷോപ്പിങ് കോംപ്ലക്‌സ് മാത്രമേ നിര്‍മിക്കുകയുള്ളൂവെന്ന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും വ്യക്തമാക്കി. എന്നാല്‍, യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തതോടെ ഭരണസമിതി പെട്ടെന്ന് നിലപാട് മാറ്റിയതാണെന്നും ഷോപ്പിങ് കോംപ്ലക്‌സിനൊപ്പം ഇന്‍ഡോര്‍ സ്റ്റേഡിയം കൂടി നിര്‍മിക്കാനായിരുന്നു നീക്കമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതേച്ചൊല്ലിയാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് വെല്ലുവിളികളുമുണ്ടായത്.
നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ഉപയോഗരഹിതമായെന്നും ഇക്കാര്യം കൂടി പരിശോധിക്കണമെന്നും പ്രശാന്ത് രാജു പറഞ്ഞു. ഡിപിആര്‍ തയാറാക്കിയതിന്റെ ഫീസ് നിര്‍മിതി കേന്ദ്രത്തിന് നല്‍കണമെന്ന് അജണ്ടയിലുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മറ്റൊരുസ്ഥലം കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നു. നിലവിലുള്ള സ്റ്റേഡിയത്തില്‍ പൊതുപരിപാടികള്‍, ഫെസ്റ്റുകള്‍ എന്നിവ നടത്തുന്നതിലൂടെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുന്നുണ്ടെന്നും സ്റ്റേഡിയം നിലനിര്‍ത്തണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ കൗണ്‍സില്‍ യോഗ തീരുമാനത്തിനുമുമ്പേ സ്റ്റിയറിങ് കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തു. നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ 67,000 രൂപ ചെലവഴലിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് അംഗീകാരം നല്‍കി. കട്ടപ്പന മിനി സിവില്‍ സ്റ്റേഷനുസമീപം സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം അടിയന്തരമായി നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് അഭിപ്രായമുണ്ടായി. നഗരസഭയില്‍ സ്പില്‍ഓവര്‍ പദ്ധതികള്‍ വര്‍ധിക്കുന്നതിനെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു. അനുമതിയില്ലാതെ നഗരസഭയുടെ വാഹനം അറ്റകുറ്റപ്പണി നടത്തിയതില്‍ സെക്രട്ടറിക്കും ജീവനക്കാര്‍ക്കും വീഴ്ചയുണ്ടായതായി കണ്ടെത്തി. അനുമതി ലഭിച്ചശേഷം 31,493 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. നഗരസഭാപരിധിയിലെ കൈത്തോടുകളിലും കട്ടപ്പനയാറിലും മാലിന്യം ഒഴുക്കുന്ന സംഭവത്തില്‍ കര്‍ശന നടപടിസ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ ആരോഗ്യവിഭാഗം പരിശോധന കര്‍ശനമാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






