അപ്രഖ്യാപിത പവര്‍കട്ട്: മെഴുകുതിരി തെളിച്ചും പാളവിശറി വീശിയും കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
അപ്രഖ്യാപിത പവര്‍കട്ട്: മെഴുകുതിരി തെളിച്ചും പാളവിശറി വീശിയും കട്ടപ്പനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി: പവര്‍കട്ട് ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കെഎസ്ഇബിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി മെഴുകുതിരി തെളിച്ചും പാളവിശറി വീശിയും പ്രതിഷേധിച്ചു. കട്ടപ്പന കെഎസ്ഇബി ഡിവിഷന്‍ ഓഫീസിനുമുമ്പില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും എന്താണെന്ന് തിരിച്ചറിയാത്തയാളാണ് വൈദ്യുതി മന്ത്രിയെന്നും കൊടുംചൂടിനിടെ രാവും പകലും സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ലക്ഷ്യമിട്ട് വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ദീര്‍ഘകാലത്തേക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടത്. ഇത് പിണറായി സര്‍ക്കാര്‍ റദ്ദാക്കി. ജനത്തെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇ എം ആഗസ്തി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. ഷാജി വെള്ളംമാക്കല്‍, ബിജു പൊന്നോലി, പി എസ് മേരിദാസന്‍, പൊന്നപ്പന്‍ അഞ്ചപ്ര, റൂബി വേഴമ്പത്തോട്ടം, സന്തോഷ് ഒലിനാല്‍, കെ ടി ജയന്‍, ജോണി വടക്കേക്കര, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, കെ എസ് സജീവ്, കെ ഡി രാധാകൃഷ്ണന്‍, അലന്‍ സി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?