സ്‌ഫോടക വസ്തുക്കളുമായി ഇടുക്കിയില്‍ 3 പേര്‍ കൂടി പിടിയില്‍
സ്‌ഫോടക വസ്തുക്കളുമായി ഇടുക്കിയില്‍ 3 പേര്‍ കൂടി പിടിയില്‍

ഇടുക്കി: കട്ടപ്പനയില്‍ ജീപ്പില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തില്‍ 3 പേര്‍ കൂടി അറസ്റ്റിലായി. പൂപ്പാറ പഠിക്കപാടത്ത് ബിജു(44)വിനെ ശാന്തന്‍പാറ പൊലീസും കല്‍ത്തൊട്ടി സ്വദേശികളായ മുളയ്ക്കല്‍ ജോസഫ് മാത്യു(മനോജ്-45), കടുപ്പില്‍ റോയി എബ്രഹാം(46) എന്നിവരെ ഉപ്പുതറ പൊലീസും പിടികൂടി. ബിജുവിന്റെ പക്കല്‍നിന്ന് 98 ഇലക്ട്രിക്കല്‍ ഡിറ്റനേറ്ററുകളും 46 ജെലാറ്റിന്‍ സ്റ്റിക്കുകളും മറ്റ് രണ്ടുപേര്‍ സൂക്ഷിച്ചിരുന്ന 35 ഇലക്ട്രിക്കല്‍ ഡിറ്റനേറ്ററുകളും 22 ജെലാറ്റിന്‍ സ്റ്റിക്കുകളും കണ്ടെത്തി. പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ഉടമകളും വളകോട് സ്വദേശികളുമായ ചാറടിയില്‍ സജി വര്‍ഗീസ്, പ്രിന്‍സ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
ശനിയാഴ്ച കട്ടപ്പനയില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിയില്‍നിന്ന് 210 വീതം ഡിറ്റനേറ്ററുകളും ജെലാറ്റിന്‍ സ്റ്റിക്കുകളും കല്‍ത്തൊട്ടി സ്വദേശികള്‍ വാങ്ങിയിരുന്നു. ഇതില്‍ 175ലേറെ പാറപൊട്ടിക്കാന്‍ ഒറ്റരാത്രി ഉപയോഗിച്ചു. ഈരാട്ടുപേട്ട കേന്ദ്രീകരിച്ച് സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യുന്ന തീക്കോയി നടയ്ക്കല്‍ വെള്ളാപ്പള്ളിയില്‍ മുഹമ്മദ് ഫാസിലിനെയും ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള ഈരാറ്റുപേട്ടയിലെ ഗോഡൗണില്‍ ഞായറാഴ്ച പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 19,000 ഡിറ്റനേറ്ററുകള്‍, 2600 ജലാറ്റിന്‍ സ്റ്റിക്ക്, 3500 മീറ്റര്‍ സേഫ്റ്റി ഫ്യൂസ് എന്നിവ കണ്ടെത്തിയിരുന്നു. ഇവരുംചേര്‍ന്ന് കര്‍ണാടകയില്‍നിന്ന് സവോള കയറ്റിവന്ന വാഹനത്തില്‍ ഒരുതവണ 30 ലക്ഷം രൂപയുടെ സ്‌ഫോടക വസ്തുക്കള്‍ കടത്തിയതായും മൊഴി നല്‍കി. പലതവണ ഇത്തരത്തില്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് വസ്തുക്കള്‍ വിറ്റതായും ഇവര്‍ മൊഴി നല്‍കി. നിരോധിത സംഘടനയായ പിഎഫ്‌ഐയിലെ പ്രവര്‍ത്തകരായിരുന്നു ഇരുവരും. സ്‌ഫോടക വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
What's Your Reaction?






