ഹൈറേഞ്ചിന്റെ പ്രവേശന കവാടം: നേര്യമംഗലം പാലത്തിന് 90 വയസ്
ഹൈറേഞ്ചിന്റെ പ്രവേശന കവാടം: നേര്യമംഗലം പാലത്തിന് 90 വയസ്

ഇടുക്കി: എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈറേഞ്ച്കാരുടെ നേരൃമംഗലം പാലത്തിന് 90 വയസ്. ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലം കൂടിയാണിത്. 1935 മാര്‍ച്ചില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന രാമവര്‍മ്മ ശ്രീ ചിത്തിരതിരുന്നാളാണ് പാലം ഗതാഗതത്തിനായി തുറന്നുനല്‍കിയത്. ഇടുക്കികാര്‍ക്ക് നേര്യമംഗലം പാലം ഗതാഗതമാര്‍ഗമാണെങ്കില്‍ അയല്‍ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ പാലം പെരിയാറിന് മുകളില്‍ വനത്തോട് ചേര്‍ന്നുള്ള കൗതുക നിര്‍മിതിയാണ്. കേരളം അതിജീവിച്ച രണ്ടാമത്തെ പ്രളത്തിനും മുമ്പുണ്ടായ ആദ്യ പ്രളയത്തിന്റെ അതിജീവന ചിത്രം കൂടിയാണ് നേര്യമംഗലം പാലം. 1924ലെ പ്രളയത്തില്‍ അന്ന് മാങ്കുളത്തുകൂടി ഉണ്ടായിരുന്ന ആലുവ മൂന്നാര്‍ റോഡ് ഒലിച്ചുപോയി. ഇതോടെ കോതമംഗലത്തു നിന്ന് നേര്യമംഗലം അടിമാലി വഴി മൂന്നാറിന് പുതിയ പാത തുറന്നു. ആദ്യ പ്രളയം കഴിഞ്ഞ് പതിനൊന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ നിര്‍മിച്ച നേര്യമംഗലം പാലം കേരളം നേരിട്ട രണ്ടാം പ്രളയത്തേയും അതീജീവിച്ച്് ഹൈറേഞ്ച്കാര്‍ക്ക് ഇന്നും സഞ്ചാരമാര്‍ഗമായി നില്‍ക്കുന്നു. 214 മീറ്റര്‍ നീളവും 4.90 മീറ്റര്‍ വീതിയുമാണ് ഈ ആര്‍ച്ച് പാലത്തിനുള്ളത്. പാലം ഗതാഗതത്തിനായി തുറന്ന് നല്‍കി 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പഴയ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലത്തിന്റെ നിര്‍മാണ ജോലികളും ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാലത്തിലെ ഗതാഗതക്കുരുക്കാണ് കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഇന്നുയരുന്ന പ്രധാന പരാതി. പുതിയ പാലം ഈ പരാതി പരിഹരിക്കും. ചരിത്രങ്ങള്‍ക്കും പരാധീനതകള്‍ക്കുമപ്പുറം മണ്ണിനോട് പടവെട്ടിയ ഒരു ജനതയുടെ കഥകൂടി പറയാനുണ്ട് ദക്ഷിണേന്ത്യയിലെ ഈ ആദ്യ ആര്‍ച്ച് പാലത്തിന്.
What's Your Reaction?






