മേലേചിന്നാറില്‍ പിന്നോട്ട് നടപ്പ് സമരവുമായി ജനകീയ കൂട്ടായ്മ
മേലേചിന്നാറില്‍ പിന്നോട്ട് നടപ്പ് സമരവുമായി ജനകീയ കൂട്ടായ്മ

ഇടുക്കി: സംസ്ഥാന ബജറ്റില്‍ അനുവദിച്ച നത്തുക്കല്ല്-കല്ലാറുകുട്ടി റോഡിന്റെ നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ. അഞ്ഞൂറിലേറെ പ്രദേശവാസികളാണ് മൂന്ന് കിലോമീറ്റര്‍ ദൂരം പിറകോട്ട് നടന്ന് പ്രതിഷേധിച്ചത്. 60 വര്‍ഷം പഴക്കമുള്ള റോഡ് കുടിയേറ്റ കാലത്തിന്റെ സ്മാരകമാണെന്നും ചുറ്റുപാടുമുള്ള നാട് പുരോഗതിയിലേക്ക് നീങ്ങുമ്പോഴും മേഖലയുടെ വികസനത്തെ പിന്നോട്ട് നയിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് സമരം. 2017ലെ ബജറ്റില്‍ 85.65കോടി രൂപയാണ് നത്തുകല്ല് -കല്ലാറുകുട്ടി റോഡിനായി അനുവദിച്ചത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് 8 വര്‍ഷം കഴിഞ്ഞിട്ടും റോഡ് നിര്‍മാണം ആരംഭിക്കുന്നതിനോ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുവാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെട്ടിക്കാമറ്റം മുതല്‍ മേലേചിന്നാര്‍ വരെയുള്ള ഭാഗമാണ് ഇപ്പോള്‍ അപകടകരമായ അവസ്ഥയിലുള്ളത്. വീതി കുറഞ്ഞതും റോഡില്‍ അഗാധഗര്‍ത്തങ്ങളും അപകടകാരികളായി മാറുകയാണ്. ജനകീയ കൂട്ടായ്മ രൂപീകരിച്ച് തുടര്‍ പ്രതിഷേധം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് പിന്നോട്ട് നടന്ന് പ്രതിഷേധിച്ചത്. ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഫാ.സഖറിയാസ് കുമ്മണ്ണുപറമ്പില്‍, സജി പേഴത്തുവയലില്‍, ഫാ. ലിബിന്‍ മനക്കലേടത്ത്, രാഹുല്‍ കിളികൊത്തിപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






