സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: ആഭ്യന്തരവകുപ്പും കുടുംബശ്രീയുംചേര്‍ന്നുള്ള സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ കട്ടപ്പന ഡിവൈഎസ്പി ഓഫീസിനോടുചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മാനസിക പിന്തുണയും ക്ഷേമവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ തുറക്കുന്നത്. സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവയില്‍ ലൈംഗിക അതിക്രമങ്ങള്‍, കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനസിക പിന്തുണ ആവശ്യമായ മറ്റ് കേസുകള്‍ എന്നിവ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്യപ്പെടും. ഇത്തരം കേസുകള്‍ സ്റ്റേഷനില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യും. മാനസിക പിന്തുണ, കൗണ്‍സിലിങ് എന്നിവ ലഭ്യമാക്കി പരാതി വ്യവഹാരതലം മെച്ചപ്പെടുത്താന്‍ പൊലീസും നിയമസംവിധാനങ്ങള്‍ക്കും സഹായകരമാകും. പരാതിക്കാര്‍ക്ക് നല്‍കുന്ന സേവനത്തിലൂടെ അവരുടെ മാനസികതലം അവലോകനം ചെയ്യും. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നം അഭിമുഖീകരിക്കുന്നവര്‍ക്ക് ആരോഗ്യ വിദഗ്ധരുടെ ചികിത്സ ഉറപ്പാക്കും. മാനസികനില മുന്‍കൂട്ടി പരിശോധിക്കുമ്പോള്‍ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിവിധ പ്രശ്‌നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തോത് കുറയ്ക്കാന്‍ സഹായിക്കപ്പെടും. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നേരെയുള്ള ചൂഷണങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി മുന്‍നിരയിലേക്ക് എത്തിക്കാനും എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്. ഉദ്ഘാടന യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ജെ ബെന്നി അധ്യക്ഷനായി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, വാര്‍ഡ് കൗണ്‍സിലര്‍ ജാന്‍സി ബേബി, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, ജനറല്‍ ഡിപിഎം ഐ എസ് സൗമ്യ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രത്‌നമ്മ സുരേന്ദ്രന്‍, ഷൈനി ജിജി, സ്‌നേഹിത ജീവനക്കാരി വി ആര്‍ മായ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






