അണക്കരയില്‍ നിന്ന് ജീപ്പ് മോഷ്ടിച്ച 3 പേര്‍ അറസ്റ്റില്‍
അണക്കരയില്‍ നിന്ന് ജീപ്പ് മോഷ്ടിച്ച 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: അണക്കര പാമ്പുപാറയിൽനിന്ന് ജീപ്പ് മോഷ്ടിച്ച മൂന്നുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ദേവികാഭവൻ ജിഷ്ണു(34), കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ്(22), റോസാപ്പൂക്കണ്ടം മേട്ടിൽ അജിത്ത്(24) എന്നിവരാണ് പിടിയിലായത്. ഞായർ പുലർച്ചെ മൂന്നോടെയാണ് പാമ്പുപാറ മൂലേപ്പള്ളത്ത് കുഞ്ഞുമോൻ ഐസക്കിന്റെ ജീപ്പാണ് റോഡരികിൽനിന്ന് മോഷണംപോയത്. ബൊലേറോയിൽ എത്തിയ മോഷ്ടാക്കൾ ജീപ്പ് തള്ളി സ്റ്റാർട്ടാക്കി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. വാഹനം കാണാതായതോടെ ഉടമ പൊലീസിൽ പരാതി നൽകി. കുമളി വഴി പോയ മോഷ്ടാക്കളുടെ ബൊലേറോ തിരിച്ചറിഞ്ഞയാൾ പൊലീസിൽ വിവരം നൽകി. ഇതിനിടെ ജീപ്പ് പൊളിച്ചുവിൽക്കാൻ കമ്പം ഉത്തമപാളയത്തെത്തിച്ചു. എന്നാൽ, പൊലീസ് പിന്തുടരുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഇവർ ജീപ്പ് ഉപേക്ഷിച്ചു.
തിരികെ കുമളിയിലെത്തിയ ജിഷ്ണുവിനെയും ഇയാളുടെ പക്കൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വണ്ടിച്ചെക്ക്, കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയാണ് ജിഷ്ണു. കഴിഞ്ഞ 11ന് സമാനമായ രീതിയിൽ മൂവരും മറ്റൊരാളുടെ ജീപ്പും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോൻ എന്നിവരുടെ നിർദേശപ്രകാരം വണ്ടൻമേട് എസ്എച്ച്ഒ എ ഷൈൻകുമാർ, എസ്‌ഐമാരായ ബിനോയി എബ്രഹാം, കെ അശോകൻ, സിപിഒമാരായ ആർ ജയ്‌മോൻ, എൻ ജയൻ, ബിനു കെ ജോൺ, സാൽജോമോൻ, അരുൺ പീതാംബരൻ തുടങ്ങിയവരാണ് അന്വേഷണം.
What's Your Reaction?






