ഇടുക്കി: ചെക്ക് കേസിലെ വാറന്റ് ഒഴിവാക്കാന്‍ ഗൂഗിള്‍-പേ വഴി 10000 രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐയും ഏജന്റും വിജിലന്‍സ് പിടിയില്‍. തൊടുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പ്രദീപ് ജോസ് എജന്റ് റഷീദ് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരിലുള്ള ചെക്ക് കേസ് വാറന്റായിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് പ്രദീപ് 10000 രൂപ അവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ തിങ്കളാഴ്ച രാത്രി 10.30 ഓടെ പ്രദീപിന്റെ വണ്ടിപ്പെരിയാറിലുള്ള വീട്ടില്‍ നിന്ന്് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.