ഇടുക്കി: അടിമാലി-കുമളി ദേശിയ പാതയുടെ ഭാഗമായ കട്ടപ്പന-ചെറുതോണി റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്നു. അമിതവേഗവും അശ്രദ്ധമായ മറികടക്കലുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. ഇത് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്ക് അപകട ഭീഷണിയാകുകയാണ്. വെള്ളിയാംകുടിക്ക് സമീപം ചൊവ്വഴാച രാവിലെ രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കട്ടപ്പന ഭാഗത്തുനിന്ന് വന്ന വാഹനം മുമ്പില്‍ പോയ കാര്‍ വേഗത കുറയ്ക്കുന്നത് കണ്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വാഹനം തലയിലായി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. പാതയുടെ വീതി കുറവും വാഹനങ്ങളുടെ അമിതവേഗത കുറയ്ക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങളും ഇല്ലാത്തതാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണം. കൂടാതെ റോഡിന്റെ പലഭാഗത്തുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും കാടുപടലങ്ങളാല്‍ മൂടപ്പെട്ട് കിടക്കുന്നതും വിവിധ ഇടങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അടിയന്തരമായി ദേശീയപാത അധികൃതര്‍ റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.