പീരുമേട് ഇക്കോ ലോഡ്ജും സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും
പീരുമേട് ഇക്കോ ലോഡ്ജും സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും

ഇടുക്കി: പീരുമേടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സര്‍ക്കാര്‍ അതിഥി മന്ദിരവും 22ന് രാവിലെ 10ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കലളക്ടര്‍ വി. വിഗ്നേശ്വരി, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ മുതല്‍മുടക്കിലാണ് ഇക്കോ ലോഡ്ജ് നിര്‍മിച്ചത്. 12 മുറികള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിങ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ചുവരുകള്‍, തറകള്‍, സീലിങ് മുതലായവ തേക്ക് തടിയില്‍ നിര്‍മിച്ചിരിക്കുന്നു. ലോഡ്ജിന്റെ അധിക പ്രവൃത്തികള്‍ക്കായി 97.5 ലക്ഷം രൂപയ്ക്കും നവീകരണത്തിനും പരിപാലന പ്രവൃത്തികള്‍ക്കുമായി 1.38 കോടി രൂപയ്ക്കും ഭരണാനുമതി നല്‍കി. ഇതിന്റെ ഭാഗമായി പാര്‍ക്കിങ് യാര്‍ഡ്, ഇക്കോ ലോഡ്ജിന്റെ സംരക്ഷണ ഭിത്തിയും വേലിയും, മുന്‍വശത്തെ വഴി, പൂന്തോട്ടവും കളിസ്ഥലവും, ഇക്കോ ലോഡ്ജിന് ചുറ്റുമുള്ള ഇന്റര്‍ലോക്ക്, ഭിന്നശേഷിക്കാര്‍ക്കായുള്ള വിശ്രമമുറിയിലേക്കുള്ള പാസേജ്, നടുമുറ്റം, ഇക്കോലോഡ്ജിന്റെ സര്‍വീസ് ബ്ലോക്ക്, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണത്തിനായുള്ള ക്രമീകരണങ്ങള്‍, ഗേറ്റിന്റെ നവീകരണം, പ്രവേശന കവാടത്തില്‍ ലോഗോയുള്ള കമാനം, സിഗ്നേച്ചര്‍ ബോര്‍ഡുകള്‍, വൈദ്യുതീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്.
2020ല്‍ അതിഥി മന്ദിരത്തിന്റെ നവീകരണത്തിനായി 1.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതിന്റെ ഭാഗമായി ഗസ്റ്റ് ഹൗസ്, സര്‍വീസ് ബ്ലോക്ക് എന്നിവ നവീകരിച്ചു. വാട്ടര്‍ ടാങ്ക്, പാര്‍ക്കിംഗ് ഷെഡ്, കോണ്‍ഫറന്‍സ് ഹാള്‍, വൈദ്യുതീകരണം, അനെക്സ് ബില്‍ഡിംഗ് എന്നിവ പൂര്‍ത്തീകരിച്ചു. 2023 ഒക്ടോബറില്‍ 1,79,59,678 രൂപയുടെയും ഭരണാനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, പമ്പ് ഹൗസിന്റെ നവീകരണം, കിണര്‍ നവീകരണം, ഇക്കോലോഡ്ജ് വശത്തിന് സമീപമുള്ള ഗേറ്റ് പില്ലറിന്റെ നവീകരണം, ടോയ്‌ലറ്റിന്റെ നവീകരണം, ഡീസല്‍ ജനറേറ്റര്‍, കോമ്പൗണ്ട് ഭിത്തിയുടെ കല്‍പ്പണികളുടെ നവീകരണം, ഗസ്റ്റ് ഹൗസിന് ചുറ്റും വേലി കെട്ടല്‍, മഴവെള്ള സംഭരണ ക്രമീകരണങ്ങള്‍, റെഡിമെയ്ഡ് ബയോഗ്യാസ് പ്ലാന്റ്, ഗസ്റ്റ് ഹൗസിന് ചുറ്റും ഇന്റര്‍ലോക്ക്, സ്റ്റോര്‍, വസ്ത്രം മാറാനുള്ള മുറി, ബാഡ്മിന്റണ്‍ കോര്‍ട്ട്, അനെക്സിന്റെ പിന്‍ഭാഗത്തുള്ള കെട്ടിടത്തിന്റെ നവീകരണം, വിശ്രമമുറി, ലാന്‍ഡ്സ്‌കേപ്പിംഗ്, വൈദ്യുതീകരണം എന്നിവ പൂര്‍ത്തീകരിച്ചത്.
What's Your Reaction?






