ടൂറിസം രംഗത്ത് ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്: മന്ത്രി പി എ മുഹമ്മദ് റിയാസ്
ടൂറിസം രംഗത്ത് ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടുക്കി: കേരളാ ടൂറിസത്തില്‍ ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരവും ഇക്കോ ലോഡ്ജും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് ഇടുക്കിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍. മികച്ച റോഡുകള്‍, നവീകരിച്ച അതിഥി മന്ദിരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കാന്‍ സമഗ്ര ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുന്നു. മികച്ച റോഡുകളും ആതിഥേയ മികവും സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് ഇടുക്കിയിലും വയനാട്ടിലുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍, അതിഥി മന്ദിരങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ കൂടുതല്‍ മികച്ചതാക്കും.
ലോകമെങ്ങും ട്രെന്‍ഡായി മാറിയ മൈ സ്റ്റോറീസ്, കോണ്‍ഫറന്‍സുകള്‍ മീറ്റിങ്ങുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയവ നടത്താന്‍ സൗകര്യമൊരുക്കാനും വിദേശ സഞ്ചാരികളെ അടക്കം കേരളത്തിലേക്ക് ആകര്‍ഷിക്കാനുമുള്ള ഇടപെടലാണ് ടൂറിസം രംഗത്ത് സര്‍ക്കാര്‍ നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറുന്നത് ഇടുക്കിയായിരിക്കും. കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് അമേരിക്ക, യുകെ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. മലേഷ്യ, ചൈന, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഉയര്‍ത്താന്‍ മലേഷ്യന്‍ എയര്‍ലൈന്‍സുമായി സഹകരിക്കുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, ടൂറിസം വ്യവസായവുമായി ബന്ധപ്പെട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരെയെല്ലാം കേരളത്തിലേക്ക് കൊണ്ടുവരും. ഇടുക്കിയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വനം വകുപ്പുമായുള്ള ചര്‍ച്ചയിലുടെ പരിഹരിക്കും. 24ന് എംഎല്‍എയ്‌ക്കൊപ്പം വനം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി. ബിനു, എസ്.പി. രാജേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍. ദിനേശന്‍, ഡെയ്‌സി സെബാസ്റ്റ്യന്‍, കെ.എം. ഉഷ, മോളി ഡൊമിനിക്, രാഷ്ട്രീയ പ്രതിനിധി എസ്. സാബു, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






