കട്ടപ്പന നഗരസഭയ്ക്ക് 59.49 കോടിയുടെ ബജറ്റ്
കട്ടപ്പന നഗരസഭയ്ക്ക് 59.49 കോടിയുടെ ബജറ്റ്

ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റില്‍ സമഗ്ര വികസനത്തിന് മുന്‍ഗണന. 59,49,36,268 രൂപ വരവും 54,22,83,568 രൂപ ചെലവും 5,26,52,700 രൂപ നിക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി അവതരിപ്പിച്ചു. 2024-25 ലെ പുതുക്കിയ ബജറ്റ് പ്രകാരം 12,76,45,798 രൂപയുടെ മുന്നിരിപ്പും 46,72,90,470 രൂപയുടെ വരവും ഉള്‍പ്പടെയാണ് 59.49 കോടി രൂപയുടെ ആകെ വരവ്.
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് 75 ലക്ഷം രൂപയും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപയും വകയിരുത്തി. പുളിയന്‍മല കമ്പനി പടിയില്‍ സ്വന്തമായി വീടില്ലാത്തവരെ പുനരാധിവസിപ്പിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 25 ലക്ഷം രൂപയും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 28 ലക്ഷം രൂപ വകയിരുത്തി. കൂടാതെ ജലസേചന പമ്പ് സെറ്റ് വിതരണത്തിനായി 17 ലക്ഷം രൂപയും പച്ചക്കറി വിതരണത്തിനായി 2 ലക്ഷം രൂപയും വകയിരുത്തി. കട്ടപ്പന നഗരസഭയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി 30 ലക്ഷം രൂപയും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് 1. 22 കോടി രൂപയും വകയിരുത്തി. വയോജനങ്ങളുടെ ക്ഷേമത്തിനായി പകല്‍വീട് നിര്‍മിക്കുന്നതായി 20 ലക്ഷം രൂപയും ഇവരുടെ മാനസിക ഉല്ലാസത്തിനുവേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ലക്ഷം രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 4 ലക്ഷം രൂപയും കമ്പിളി വിതരണത്തിനായി 4 ലക്ഷം രൂപയും വയോമിത്ര സംഗമത്തിനുള്ള ഒരുലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി 42 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണത്തിന് 15 രൂപയും വകയിരുത്തിയിട്ടുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിലും അതുമൂലം ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കും എതിരെ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക ബജറ്റില്‍ വകയിരുത്തി. വനിതകളുടെ സംരംഭങ്ങള്‍ക്ക് നല്‍കുന്നതിന് 30.60 ലക്ഷം രൂപ വകയിരുത്തി. കൂടാതെ നഗരസഭ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് അവതരണ യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






